തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി. ഒന്നരക്കോടി രൂപ കാണിക്കയായി നല്‍കി. വൈകീട്ടോടെയായിരുന്നു അദ്ദേഹം ഭാവി മരുമകള്‍ രാധിക മര്‍ച്ചന്റിനൊപ്പം ക്ഷേത്രത്തില്‍ എത്തിയത്.

ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ എത്തിയ മുകേഷ് അംബാനി റോഡ് മാര്‍ഗ്ഗമാണ് ക്ഷേത്രത്തില്‍ എത്തിയത്. ദേവസ്വം ചെയര്‍മാന്‍ വി.കെ വിജയനും മറ്റ് ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. ചെക്കായാണ് അദ്ദേഹം പണം കൈമാറിയത്. 1 കോടി 51 ലക്ഷത്തിന്റേതാണ് ചെക്ക്. ക്ഷേത്രത്തിലെ അന്നദാനത്തിന് വേണ്ടിയാകും ദേവസ്വം ബോര്‍ഡ് ഈ തുക ചിലവഴിക്കുക. ക്ഷേത്രത്തില്‍ വഴിപാടുകള്‍ കഴിച്ച ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്. റിലയന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ മനോജ് മോദിയും അദ്ദേഹത്തിനൊപ്പം ക്ഷേത്രത്തില്‍ എത്തിയിരുന്നു.

കാണിക്ക നല്‍കിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് വി.കെ വിജയന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് മുകേഷ് അംബാനി മടങ്ങി. കാണിക്കയായി അദ്ദേഹം ചെക്ക് സമര്‍പ്പിച്ചിരുന്നു. 1 കോടി 51 ലക്ഷത്തിന്റെ ചെക്കാണ് നല്‍കിയത്. ഈ തുക അന്നദാനത്തിന് വേണ്ടി ചിലവഴിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇത് പ്രകാരം ചെയ്യും. ആദ്യമായാണ് ക്ഷേത്രത്തില്‍ ഇത്രയും വലിയ തുക കാണിക്കയായി ലഭിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.