കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ​ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി മുഖ്യമന്ത്രി മമത ബാനര്‍ജിക്ക്​ തലവേദനയായി തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന്​ പുതിയ രാജി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം കൂടിയായ ലക്ഷ്​മി രത്തന്‍ ശുക്ല കായിക മന്ത്രിസ്​ഥാനം രാജിവെച്ചു. നിരവധി നേതാക്കള്‍ തൃണമൂല്‍ വിട്ട്​ ബി.ജെ.പിയിലേക്ക്​ ചേക്കേറുന്നതിനിടെയാണ്​ 39 കാരനായ ലക്ഷ്​മി രത്തന്‍ ശുക്ലയുടെ രാജിയും.

കായിക മന്ത്രിസ്​ഥാനം രാജിവെക്കുന്നുവെന്ന കത്ത്​ മമതക്കും ഗവര്‍ണര്‍ ജഗ്​ദീപ്​ ധന്‍കറിനും അയച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട്​ ചെയ്​തു. രാഷ്​ട്രീയത്തില്‍നിന്ന്​ വിരമിക്കുന്നുവെന്നാണ്​ കത്തിലെ പരാമര്‍ശം​. എന്നാല്‍, തൃണമൂല്‍ നേതാക്കള്‍ക്കിടയില്‍ ബി.ജെ.പി നടത്തുന്ന രാഷ്​ട്രീയ കച്ചവടമാണ്​ രാജിക്ക്​ പിന്നിലെന്നാണ്​ വിവരം.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ താരവും ബംഗാള്‍ രഞ്​ജി ടീമിന്‍റെ മുന്‍ ക്യാപ്​റ്റനുമായ ശുക്ല 2016ലെ നിയമസഭ​​ തെരഞ്ഞെടുപ്പിന്​ മുന്നോടിയായാണ്​ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്​. തെരഞ്ഞെടുപ്പില്‍ ഹൗറ മണ്ഡലത്തില്‍നിന്ന്​ ​നിയമസഭയിലെത്തി​.

​തെരഞ്ഞെടുപ്പ്​ അടുക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ‘ദീദി’ മാ​ത്രമാകും അവശേഷിക്കുകയെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ ബംഗാള്‍ സന്ദര്‍ശന​േത്താട്​ അനുബന്ധിച്ച്‌​ സൂചിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ തൃണമൂലിന്‍റെ നെടുംതൂണുകളിലൊന്നായ സ​ുവേന്ദു അധികാരി രാജിവെക്കുകയും ബി.ജെ.പിയില്‍ ചേരുകയും ചെയ്​തിരുന്നു. സുവേന്ദു അധികാരിക്ക്​ പിന്നാലെ അദ്ദേഹത്തിന്‍റെ സഹോദരന്‍ സൗമേന്ദു അധികാരിയും ബി.ജെ.പിയിലെത്തി. കഴിഞ്ഞ ആഴ്​ചയില്‍ എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ 12ഓളം പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിന്​ മുമ്പ്‌​ മന്ത്രിമാരുള്‍​പ്പെടെയുള്ള നേതാക്കളുടെ രാജി തൃണമൂല്‍ കോണ്‍ഗ്രസിന്​ തിരിച്ചടിയായേക്കും.