മനാമ: സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇടിവ് ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തുനിന്നവര്‍ക്ക് ആഘോഷമായി. വെള്ളിയാഴ്ച ഒരു ഗ്രാമിന് 19.700 ദിനാര്‍ എന്നനിലയിലാണ് ബഹ്റൈനിലെ ജ്വല്ലറികളില്‍ വ്യാപാരം നടന്നത്. വൈകുന്നേരമായപ്പോള്‍ വില 19.900 ദിനാറായി ഉയര്‍ന്നു. ആഗോളവിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ ഇടിവാണ് ബഹ്റൈനിലും പ്രതിഫലിച്ചത്.

സമീപകാലത്തുണ്ടായ ഏറ്റവും കുറഞ്ഞ വിലയാണ് വ്യാഴാഴ്ചത്തേതെന്ന് ആഭരണവ്യാപാരികള്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ ഗ്രാമിന് 20.300 ദിനാര്‍ ആയിരുന്ന സ്വര്‍ണവില വൈകുന്നേരമായപ്പോള്‍ 19.700 ദിനാറായി കുറഞ്ഞു. സ്വര്‍ണവില ഇടിഞ്ഞതോടെ ജ്വല്ലറികളിലേക്ക് ആഭരണങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്കുംകൂടി. വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ചയും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

സമീപകാലത്ത് ബഹ്റൈനിലെ ഉയര്‍ന്ന സ്വര്‍ണവില മേയ് ഒന്നിനാണ് രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാമിന് 22.300 ദിനാര്‍ ആയിരുന്നു വില. അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നതും യു.എസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്തുമെന്ന സൂചനകളുമാണ് മഞ്ഞലോഹത്തിന് തിരിച്ചടിയായത്. കൂടുതല്‍ പലിശ കിട്ടുന്ന നിക്ഷേപങ്ങളിലേക്ക് നിക്ഷേപകര്‍ തിരിഞ്ഞത് സ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറച്ചു. ആഗോളവിപണിയില്‍ രണ്ട് വര്‍ഷത്തെ താഴ്ന്നനിലയിലാണ് സ്വര്‍ണവില ഇപ്പോഴുള്ളത്. ഇന്ത്യയില്‍ വെള്ളിയാഴ്ച ഒരു പവന് (22 കാരറ്റ്) 36,640 രൂപയായിരുന്നു വില. തലേദിവസത്തേക്കാള്‍ 320 രൂപയാണ് കുറഞ്ഞത്.