ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ ആഫ്രക്കയിലെ നമീബിയയില്‍ നിന്നും 8 ചീറ്റ പുലികളുമായി വരുന്ന വിമാനം ജയ്പൂരില്‍ ഇറക്കില്ല. പകരം മദ്ധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍പ് തീരുമാനിച്ചിരുന്നത് രാജസ്ഥാനിലെ ജയ്പൂരില്‍ ഇറക്കാനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ പെട്ടെന്നെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്വാളിയോറിലേക്ക് മാറ്റാന്‍ തയ്യാറാകുകയായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗ്വാളിയോറില്‍ എത്തുന്ന ചീറ്റപ്പുലികളെ പ്രത്യേകം തയ്യാറാക്കിയ ചിനുക്ക് ഹെലികോപ്റ്ററില്‍ ഷിയാപൂര്‍ ജില്ലയിലെ കൂനോ നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടുപോവുകയും, അവയില്‍ മൂന്നെണ്ണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പാര്‍ക്കിലേക്ക് തുറന്ന് വിടുമെന്നും അറിയിച്ചു. നമീബയില്‍ നിന്നും എത്തുന്ന ചീറ്റകളില്‍ 5 പെണ്ണും 3 ആണുമാണ് ഇന്ത്യയുടെ ഭാഗമാകാന്‍ പോകുന്നത്.

ഇന്ത്യയില്‍ വംശനാശ ഭീഷണി നേരിട്ടിരുന്ന ചീറ്റ വര്‍ഗ്ഗത്തിലെ അവസാനത്തെ ഒരെണ്ണം 1947ല്‍ ഛത്തീസ്ഗഢിലെ കൊറിയ ജില്ലയില്‍ ചത്തു. 2019ല്‍ ഇന്ത്യ ചീറ്റപ്പുലികളെ വാങ്ങാന്‍ ശ്രമിച്ചിരുന്നു. കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ പദ്ധതി താല്‍ക്കാലികമായി മാറ്റി വെയ്‌ക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയിലേയ്‌ക്ക് വീണ്ടും ചീറ്റകളെ എത്തിക്കാനുള്ള പരിശ്രമത്തിന് തുടക്കം കുറിച്ചത്. നബീമിയയില്‍ നിന്നും 15 മുതല്‍ 20 ചീറ്റകളെയാണ് ഇന്ത്യ കരാര്‍ പ്രകാരം വാങ്ങാന്‍ തീരുമാനിച്ചത്.

ചീറ്റകളില്ലാതിരുന്ന ഇന്ത്യന്‍ കാടുകള്‍ക്ക് 70 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. 1952ലാണ് ചീറ്റകള്‍ അന്യം നിന്നതായി കേന്ദ്ര വന്യജീവി വകുപ്പ് പ്രഖ്യാപിച്ചത്. ചീറ്റകളെ കൊണ്ടുവരാനായി ഏറെ അലങ്കാരങ്ങളോടെ വിമാനം അയച്ചതും ആഗോള വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ചീറ്റയുടെ മുഖം വരച്ചുചേര്‍ത്ത വിമാനത്തിലാണ് നമീബിയയില്‍ നിന്നും പുലികളെ കൊണ്ടുവരുന്നത്.