ന്യൂഡല്‍ഹി: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനത്തിലെ പ്രത്യേക അതിഥിയായി ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഇതുവരെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് ബ്രിട്ടിഷ് ഹൈക്കമ്മിഷന്‍ അറിയിച്ചു.

ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയാകാനുള്ള ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി ജോണ്‍സണ്‍ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

ബ്രിട്ടണില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡിന്റെ വകഭേദം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ബ്രിട്ടണ്‍ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ഒന്നരമാസത്തേക്കാണ് അടച്ചിടുന്നത്. ഫെബ്രുവരി പകുതിവരെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുവദിക്കപ്പെട്ട ആവശ്യങ്ങള്‍ക്കല്ലാതെ ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സ്‌കൂളുകളും കോളജുകളും അടച്ചിടും. എല്ലാവരും വീണ്ടും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് തന്നെ മടങ്ങേണ്ടി വരും. വരുന്ന ആഴ്ചകള്‍ അതീവ ജാഗ്രതപാല്ക്കണമെന്നും പ്രധാനമന്ത്രി ഉണര്‍ത്തി.

ഇത് മൂന്നാംതവണയാണ് ബ്രിട്ടനില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഒറ്റദിവസം കൊണ്ട് അരലക്ഷത്തിലേറെ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയാണ് രാജ്യത്ത്. മരണ സഖ്യയും ഉയര്‍ന്നുതന്നെയാണ്.