സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ പരിക്കേറ്റ ഉമേഷ് യാദവിന് പകരം ആര് ഇന്ത്യന്‍ ടീമിലെത്തും ? ഈ ചോദ്യത്തിന് ഉത്തരം തേടി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. ഐപിഎല്ലിലൂടെ താരോദയമായി മാറിയ തമിഴ്നാടിന്റെ അന്തിമ ഇലവനില്‍ ഇടംപിടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതിനിടെ, ടെസ്റ്റ് ജേഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍.

– ‘വെള്ള ജേഴ്‌സി ധരിക്കാന്‍ സാധിച്ചത് അഭിമാന നിമിഷമാണ്. അടുത്ത സെറ്റ് വെല്ലുവിളികള്‍ക്ക് തയ്യാര്‍’ എന്ന കുറിപ്പോടെയാണ് നടരാജന്‍ ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ മൂന്നാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം മൂന്നാം പേസറായി നടരാജന്‍ കളിക്കുമെന്ന ആരാധകരുടെ പ്രതീക്ഷ വര്‍ധിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ഉമേഷ് യാദവിന് പകരക്കാരനായി നടരാജനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ പ്രഖ്യാപിച്ചത്. അതേസമയം പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരക്കാരനായി ഷാര്‍ദുല്‍ താക്കൂറിനെയും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്ലെയിങ് ഇലവനിലേക്ക് നടരാജന്‍, ഷാര്‍ദുല്‍ എന്നിവരില്‍ ആര് വരുമെന്നാണ് ഇനി അറിയേണ്ടത്.

നേരത്തെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള റിസര്‍വ് ടീമില്‍ ഉണ്ടായിരുന്ന സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെയാണ് ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് ഏകദിന പരമ്പരയ്ക്കിടെ നവ്ദീപ് സെയ്നിക്ക് പരിക്കേറ്റതോടെ ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. പിന്നാലെ ട്വന്റി 20 പരമ്ബരയിലും താരത്തിന് അവസരം ലഭിച്ചു.