പൊലീസ് കോണ്‍സ്റ്റബിള്‍ പ്രവേശന പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ പൊലീസ് കോണ്‍സ്റ്റബിളും മകനും അറസ്റ്റില്‍. ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ വിനീത്, ഇയാളുടെ മകന് കശിഷ് (21) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 27ന് നടന്ന കോണ്‍സ്റ്റബിള്‍ പരീക്ഷയാലായിരുന്നു അച്ഛന്റെയും മകന്റെയും തട്ടിപ്പ്.
പൊലീസ് പറയുന്നതനുസരിച്ച് ഡിസ്റ്റന്‍സ് ലേണിംഗ് വഴി ബിരുദ പഠനം നടത്തുകയാണ് കശിഷ്. ഇയാള്‍ ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ബീഹാറിലെ മുസാഫര്‍പുര്‍ ആയിരുന്നു പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ പരീക്ഷ എഴുതുന്നതിനായി കശിഷിന് പകരം മറ്റൊരാളാണ് എത്തിയത്. –
സംശയം തോന്നിയ സ്റ്റാഫ് സെലക്ഷന് കമ്മീഷന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് കഴിഞ്ഞ ദിവസം അച്ഛനെയും മകനെയും അറസ്റ്റു ചെയ്തു. ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന വിനീത് ആണ് മകന് പകരം മറ്റൊരാളെ പരീക്ഷയ്ക്കായി കണ്ടെത്തിയതെന്നാണ് സംശയിക്കുന്നത്.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കശിഷിന് പകരമായി പരീക്ഷയ്ക്കെത്തിയ ആളെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്ജിതമാക്കിയിരിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.