ചെന്നൈ : തമിഴ്‌നാട്ടിലെ തീയറ്ററുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പൂര്‍ണമായും നീക്കി സംസ്ഥാന സര്‍ക്കാര്‍. തീയറ്ററുകളില്‍ ഇനി 100 ശതമാനം കാണികളേയും പ്രവേശിപ്പിക്കും. സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ കൊറോണ മാനദണ്ഡത്തെ മറികടന്നാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറി തീരുമാനമെടുത്തത്. കൊറോണ കേസുകള്‍ കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് ചീഫ് സെക്രട്ടറി ഉത്തരവില്‍ പറയുന്നു. വിജയ് യുടെ മാസ്റ്റര്‍ ഈ മാസം 13ന് തീയറ്ററിലെത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം.

മുഴുവന്‍ ആളുകളേയും തീയറ്ററില്‍ പ്രവേശിപ്പിക്കണമെന്ന് നടന്‍ വിജയ്‌യും തീയറ്റര്‍ ഉടമകളും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെട്ടിരുന്നു. സിനിമാ മേഖലയിലെ പ്രതിസന്ധി കാണികളുടെ എണ്ണം കൂട്ടുന്നതിലൂടെ നികത്താനാകുമെന്നാണ് സിനിമാ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് 100 ശതമാനം ആളുകളേയും തീയറ്ററില്‍ ഒരേ സമയം കയറ്റണമെന്ന് ഇവര്‍ ആവശ്യപ്പെട്ടത്.

പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ പൊങ്കലിന് റിലീസ് ചെയ്യുന്ന സിനിമകള്‍ കാണാന്‍ മുഴുവന്‍ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാന്‍ തീയറ്ററുകള്‍ക്ക് സാധിക്കും. ചിമ്പു നായകനായുന്ന ചിത്രം ഈശ്വരന്‍ ഈ മാസം 14ന് തീയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.