തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ശക്തമായ സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്ങ്ങളില്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍. സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തും. ജനുവരി 15-ന് അദ്ദേഹം എത്തുമെന്നാണ് റിപ്പോര്‍ട്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കിട്ടാത്തതിന് സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും കാരണമായിട്ടുണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്ന ആരോപണം പാര്‍ട്ടിയ്ക്കുള്ളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. കൂടാതെ കെ സുരേന്ദ്രനെതിരെ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ദേശീയ കൗണ്‍സില്‍ അംഗം പി.എം വേലായുധനും വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ കെ സുരേന്ദ്രന് ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം കേരളത്തിലെ വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിച്ചത്.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ശോഭ സുരേന്ദ്രന് അടക്കമുള്ളവരുടെ പ്രശ്നം പരിഹരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. അതിന്റെ ഭാഗമായി നേതാക്കന്മാരുമായി ചര്‍ച്ച നടത്തി, സംഘടനാപ്രശ്നങ്ങള്‍ പരിഹരിച്ച് ഈ മാസം അവസാനത്തോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് സജീവമാകാനാണ് ബിജെപിയുടെ ശ്രമം