കാസര്‍കോട്: പാണത്തൂര്‍ ബസ് അപകടത്തിന് കാരണം യന്ത്രതകരാറല്ലെന്ന് ആര്.ടി.ഒയുടെ പ്രാഥമിക നിഗമനം. ബസിന്റെ ടയറിന് തേയ്മാനമോ ബ്രേക്കിന് പ്രശ്നങ്ങളോ കണ്ടെത്താനായില്ല. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുള്ള വണ്ടിയാണെന്നും കാസര്‍കോട് ആര്.ടി.ഒ രാധാകൃഷ്ണന് വ്യക്തമാക്കി.
ഡ്രൈവറുടെ അശ്രദ്ധയും പരിചയകുറവും കൂടുതല്‍ ആളുകളെ കയറ്റിയതും അപകടത്തിന് കാരണമായിട്ടുണ്ടാകാം. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയ േശഷം കൂടുതല്‍ പരിശോധന നടത്തുമെന്നും ആര്.ടി.ഒ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
കേരള-കര്‍ണാടക അതിര്‍ത്തിയായ പാണത്തൂര്‍ പരിയാരത്തിനടുത്ത് വിവാഹസംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കര്‍ണാടക സ്വദേശികളായ ഏഴു പേരാണ് മരിച്ചത്. അമ്ബതോളം പേര്‍ക്ക് പരിക്കേറ്റു.
കര്‍ണാടക പുത്തൂരില്‍ നിന്ന് കരിക്കെയിലേക്ക് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെയാണ് കേരളത്തിലെ പാണത്തൂര്‍ പരിയാരത്ത് ബസ് അപകടത്തില്‍പെട്ടത്. ഇറക്കത്തില്‍ നിയന്ത്രണംവിട്ട് റോഡരികിലെ കമ്യൂണിറ്റിഹാളില്‍ ഇടിച്ച ശേഷം ആള്‍ത്താമസമില്ലാത്ത വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കാസര്‍കോട് കലക്ടറോട് ഗതാഗത മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഒാഫീസറോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.