തിരുവനന്തപുരം: ഡോളര്‍ കടത്തുകേസില്‍ യു എ ഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഡോളര്‍ കടത്തിന് ഔദ്യോഗിക വാഹനമുപയോഗിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
കസ്റ്റംസ് കൊച്ചി പ്രിവന്റീവ് കമ്മീഷണര്‍ ഓഫീസില്‍ രാവിലെ ഹാജരാകാനാണ് യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സ്വര്‍ണക്കടത്ത് ഡോളര്‍ കടത്ത് കേസുകളില്‍ പങ്കാളിത്തം സംശയിക്കുന്ന യു എ ഇ കോണ്‍സുലേറ്റ് ജനറലിന്റയും, അറ്റാഷെയുടെയും ഡ്രൈവര്‍മാരെയാണ് ചോദ്യം ചെയ്യുന്നത്. വിദേശത്തേക്ക് കടത്തുന്നതിന് ഡോളറുകള്‍ പലപ്പോഴും ഔദ്യോഗിക വാഹനത്തില്‍ തന്നെയാണ് കൊണ്ടുപോയതെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ നേരത്തെയും ചോദ്യം ചെയ്തിരുന്നു.

കോണ്‍സുല്‍ ജനറലും, അറ്റാഷെയും ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത് നടത്തിയ കൂടിക്കാഴ്ചകള്‍, സാമ്ബത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഒപ്പം ഡോളര്‍ കടത്തിനെ കുറിച്ച്‌ ഇവര്‍ക്ക് എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചിരുന്നോയെന്നും അന്വേഷിക്കും. അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്ണനെയും കസ്റ്റംസ് നാളെ ചോദ്യം ചെയ്യും. കൊച്ചി കസ്റ്റംസ് ഓഫീസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഹരികൃഷ്ണന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇയാളില്‍ നിന്ന് നേരത്തെയും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ സമന്‍സ് നല്‍കി വിളിച്ചുവരുത്താനുള്ള നീക്കങ്ങളും കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്.