കായംകുളം: തിരികെ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഇനി അനില്‍ പനച്ചൂരാന് ഇല്ല. പനച്ചൂരാെന്റ ആകസ്മിക വിയോഗം സ്വദേശമായ കായംകുളം ഞെട്ടലോടെയാണ് ശ്രവിച്ചത്. കോവിഡ് ബാധിതനാണെങ്കിലും മരണം അതിലൂടെ മാടിവിളിക്കുമെന്ന് ബന്ധുക്കളോ സുഹൃത്തുക്കളോ കരുതിയിരുന്നില്ല. ഞായറാഴ്ച രാത്രിയോടെയാണ് വിയോഗവാര്‍ത്ത ഒാണാട്ടുകരയിലേക്ക് എത്തുന്നത്.
കായംകുളം ഗവ. ഹൈസ്കൂളിലെ പഠനകാലയളവിലെ സാഹിത്യമേഖലയില്‍ ശ്രദ്ധേയനായി മാറിയിരുന്നു. വാറങ്കല്‍ കാകതീയ സര്‍വകലാശാല പഠനം കഴിഞ്ഞ് അഞ്ചുവര്‍ഷം സന്യാസജീവിതത്തിലേക്ക് തിരിഞ്ഞു. പിന്നീടാണ് അഭിഭാഷകവൃത്തിയിലേക്ക് തിരിയുന്നത്. ഇതോടൊപ്പം കവിതയും പാട്ടും ജീവിതത്തോട് ചേരുകയായിരുന്നു. 19ാം വയസ്സില്‍ ആദ്യ കവിതസമാഹാരമായ ‘സ്പന്ദനങ്ങള്‍’ പ്രസിദ്ധീകരിച്ചിരുന്നു. മൂന്നുരൂപ വില നിശ്ചയിച്ച പുസ്തകം വിറ്റാണ് പലപ്പോഴും വിശപ്പടക്കിയതെന്ന് സുഹൃത്തുക്കളോട് പങ്കുവെച്ചിട്ടുണ്ട്. ‘വലയില്‍ വീണ കിളികള്‍’ ഇതിലെ ആദ്യ കവിതയായിരുന്നു.
കായംകുളം പട്ടണത്തിലെ കടത്തിണ്ണകളില്‍ അഭയം കണ്ടെത്തിയിരുന്ന ‘മനോനില തെറ്റിയ അമ്മയും മകളും’ ഇതിവൃത്തമായ ‘രണ്ട് പേേക്കാലങ്ങള്‍’ കവിതയും ശ്രദ്ധേയമായിരുന്നു. ‘ചിറകാര്‍ന്ന മൗനവും ചിരിയിലൊതുങ്ങി’ എന്ന പാട്ട് അന്ധനായ മുഹമ്മദ് യൂസഫ് സംഗീതം നല്കിയതിലൂടെയും ശ്രദ്ധേയമായി. വൈലോപ്പള്ളി സംസ്കൃതി ഭവന് വൈസ് ചെയര്മാന്, സാഹിത്യ അക്കാദമി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുള്ള സിനിമയുടെ തയാറെടുപ്പിനിടയിലാണ് മരണം മാടിവിളിക്കുന്നത്.