ജയ്പുര്‍: ചത്ത പക്ഷികളില്‍ പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചതോടെ രാജസ്ഥാനില്‍ അതീവ ജാഗ്രത. ഝല്‍വാര്‍ അടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തുവീഴാന്‍ തുടങ്ങിയതോടെയാണ് ഇവയുടെ സാമ്ബിളുകള്‍ പരിശോധിച്ചത്. ഇതില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ഭരണകൂടം. മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫലപ്രദമായ നിരീക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ തലത്തില്‍ ടീമുകളെ നിയോഗിച്ചതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

– ഡിസംബര്‍ 25ന് ഝല്‍വാര്‍ മേഖലയില്‍ നിന്നാണ് കാക്കകള്‍ ചത്തുവീഴുന്നുവെന്ന് ആദ്യ റിപ്പോര്‍ട്ട് എത്തുന്നത്. ഇവിടെ നിന്നും സാമ്ബിളുകള്‍ ശേഖരിച്ച്‌ ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ പരിശോധനക്കയച്ചു. ഇതിലാണ് പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചത്. ഝല്‍വറില്‍ മാത്രം ഇതുവരെ നൂറോളം കാക്കകള്‍ ചത്തതായാണ് റിപ്പോര്‍ട്ട്. ബരണ്‍, കോട്ട, പാലി, ജോധ്പുര്‍, ജയ്പുര്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെയായി ആകെ 252 കാക്കകളാണ് ഇതുവരെ ചത്തുവീണത്.

പക്ഷിപ്പനി മരണങ്ങള്‍ അധികവും കാക്കകളിലാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അപകടകാരിയായ വൈറസാണിത്. വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട് എന്നാണ് മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കുഞ്ഞി ലാല്‍ മീന അറിയിച്ചത്. ജാഗ്രതയോടെ ഇരിക്കാന്‍ പൗള്‍ട്രി ഫാം ഉടമകള്‍ക്കും ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പ്രദേശങ്ങളും വേണ്ടത്ര നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീന വ്യക്തമാക്കി.

നിലവില്‍ ആശങ്കയുടെ സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്നാണ് ഡിപ്പാര്‍ട്മെന്‍റ് സെക്രട്ടറി ആരുഷി മാലിക് അറിയിച്ചത്. വീട്ടില്‍ വളര്‍ത്തുന്ന പക്ഷികളിലേക്ക് രോഗം പകരാതിരിക്കാനുള്ള മാര്‍ഗങ്ങളാണ് ഇപ്പോള്‍ ഉറപ്പാക്കേണ്ടത്. മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ചത്ത ജീവികളെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ തന്നെ സംസ്കരിക്കണം. എന്നീ കാര്യങ്ങളും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.