ഡല്‍ഹി: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ എല്ലാവരെയും അറിയിച്ച ശേഷം കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. ദക്ഷിണ ഡല്‍ഹിയിലെ ഛത്താര്‍പൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഹരിയാന യമുനാനഗര്‍ സ്വദേശിയായ ചിരാഗ് ശര്‍മ (37) ആണ് കൊല്ലപ്പെട്ടത്. ഭാര്യ മധ്യപ്രദേശ് ഉജ്ജയിന്‍ സ്വദേശിയായ രേണുക (36) ആണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്.

ഇന്‍ഷുറന്‍സ് കമ്പനിയില്‍ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു ശര്‍മ. രേണുകയ്ക്കും ഇതേ കമ്പനിയിലെ ഓപ്പറേഷന്‍സ് വിഭാഗത്തിലായിരുന്നു ജോലി. 8 വര്‍ഷം മുന്‍പായിരുന്നു ഇരുവരും പ്രണയിച്ച്‌ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് കുട്ടികളില്ല. 2013 മുതല്‍ ഛത്താര്‍പൂരില്‍ താമസിക്കുകയായിരുന്നു ഇവര്‍.

ഇരുവരും പരസ്പരം വഴക്കിടുന്നത് പതിവായിരുന്നു. ശനിയാഴ്ച രാത്രിയുണ്ടായ വഴക്കിനിടെ രേണുക അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ഭര്‍ത്താവിന്റെ നെഞ്ചിലും വയറിലും പലതവണ കുത്തി. പിന്നാലെ അതേ കത്തി കൊണ്ട് രേണുക സ്വന്തം കൈ ഞരമ്പ്മുറിച്ചു. യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന വിവരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്ന വിവരവും ആരോ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചു.

വാതില്‍ പൊളിച്ച്‌ അകത്ത് കടന്ന പൊലീസാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കുത്തേറ്റ ചിരാഗ് ശര്‍മ നിലത്ത് കിടക്കുകയായിരുന്നു. കൈ ഞരമ്പ് മുറിച്ച രേണുക കട്ടിലിലായിരുന്നു. മുറി മുഴുവന്‍ രക്തം പടര്‍ന്ന നിലയിലായിരുന്നുവെന്നും മുതിര്‍ന്ന പൊലീസ് ഉദ്യേഗസ്ഥന്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ ചിരാഗ് ശര്‍മ മരിച്ചു. രേണുക അപകടനില തരണം ചെയ്തെങ്കിലും നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ നില മെച്ചപ്പെട്ടശേഷം യുവതിയുടെ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.