ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ മൂന്നാംഘട്ട ക്ളിനിക്കല്‍ പരീക്ഷണത്തിന് ഡി.സി.ജി.ഐ അനുമതി നല്‍കിയിരിക്കുകയാണ്. മൂന്നാംഘട്ട പരീക്ഷണ ഫലം അടുത്ത വര്‍ഷം ഏപ്രില്‍,മേയ് മാസങ്ങളോടെ പ്രസിദ്ധീകരിക്കും. കൊവാക്‌സിന്റെ ക്ഷമത 60% വരെയാണെന്നും പരീക്ഷണഫലങ്ങള്‍ 2021ഏപ്രില്‍-മേയ് മാസങ്ങളോടെ ലഭിക്കുമെന്ന് ഭാരത് ബയോടെ‌ക് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ സായ് പ്രസാദ് അറിയിച്ചു.

ലോകാരോഗ്യ സംഘടന മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച്‌ ഒരു വാക്‌സിന്റെ സുരക്ഷ, നിലവാരം എന്നിവക്ക് അവ 50% ക്ഷമതയുള‌ളതായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. കൊവാക്‌സിന് ഇത് 60 ശതമാനം ഉണ്ടെന്നത് ശുഭസൂചനയായാണ് രാജ്യം കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടനയും അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ എന്നീ സംഘടനകള്‍ കല്‍പിക്കുന്ന സുരക്ഷാ നിലവാരം കൊവാക്‌സിനുണ്ട് എന്നര്‍ത്ഥം.

നവംബര്‍ ആദ്യ വാരമോ മദ്ധ്യത്തിലോ മൂന്നാംഘട്ട കൊവാക്‌സിന്‍ പരീക്ഷണം ആരംഭിക്കും, 25 മുതല്‍ 30 ഇടങ്ങളിലായി 26,000 പേരിലാണ് പരീക്ഷണം നടത്തുക. ഒന്നാംഘട്ട പരീക്ഷണത്തിന് 375 പേരെയാണ് ഉപയോഗിച്ചിരുന്നത്. രണ്ടാം ഘട്ടത്തില്‍ ഇത് 2400 ആയി. ഒന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി വിവരം ഡി.സി.ജി.ഐയ്‌ക്ക് സമര്‍പ്പിച്ചിരുന്നു. പറയത്തക്ക സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. രണ്ടാം ഘട്ട പരീക്ഷണത്തില്‍ സുരക്ഷാ പരീക്ഷണം കഴിഞ്ഞു. ഇതിന്റെ ഇടക്കാല ഫലം നവംബറില്‍ പുറത്തെത്തുമെന്നും ഭാരത് ബയോടെക് അധികൃതര്‍ അറിയിച്ചു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍),ദേശീയ വൈറോളജി ഇന്‍സ്‌റ്റി‌റ്റ്യൂട്ടും ചേര്‍ന്നാണ് സഹകരണത്തോടെ കൊവാക്‌സിന്‍ നിര്‍മ്മിക്കുന്നത്. മൂന്നാംഘട്ട ട്രയലില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കൂടുന്നത് കമ്ബനിക്ക് വാക്‌സിന്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാന്‍ സഹായിക്കും. 150 മില്യണ്‍ ഡോസ് വാക്‌സിനുകളാണ് നിര്‍മ്മിക്കുവാന്‍ കമ്ബനി പദ്ധതിയിടുന്നത്. 150 കോടി രൂപയാണ് മൂന്നാംഘട്ട പരീക്ഷണത്തിനായി ചിലവഴിക്കാന്‍ പോകുന്നതെന്നും കമ്ബനി അറിയിച്ചു.