വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് മരണങ്ങള്‍ 3,50,000 കടന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല റിപോര്‍ട്ട് ചെയ്തു. അതേസമയം വാക്‌സിന്‍ വന്ന ശേഷവും രോഗനിവാരണം വളരെ പതുക്കെയാണ് നടക്കുന്നത്.

24 മണിക്കൂറിനുള്ളില്‍ യുഎസ്സില്‍ 2,398 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,50,186 ആയി.

വെള്ളിയാഴ്ച യുഎസ്സിലെ കൊവിഡ് ബാധിതരുടെ എണ്ണം 20 ദശലക്ഷം കവിഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ചവരെ പ്രതിദിന രോഗബാധ 2,05,840 ആയിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ച രാജ്യം അമേരിക്കയാണ്. ലോകത്തെ കൊവിഡ് ബാധിതരില്‍ 23 ശതമാനവും യുഎസ്സിലാണ്.

ഇതുവരെ 4 ദശക്ഷം കൊവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്തുകഴിഞ്ഞതായി യുഎസ്സ് സെന്റര്‍ ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ വക്താക്കള്‍ പറഞ്ഞു.
ശനിയാഴ്ച വരെ 1,30,71,925 ഡോസ് ഫൈസര്‍ വാക്‌സിനും 42,25,756 ഡോസ് മെഡോണ വാക്‌സിനും രാജ്യത്ത് വിതരണം ചെയ്തു കഴിഞ്ഞു.

കഴിഞ്ഞ മാസങ്ങളില്‍ അമേരിക്കയില്‍ റെക്കോഡ് പ്രതിദിന കൊവിഡ് ബാധയും മരണങ്ങളും രേഖപ്പെടുത്തിയിരുന്നു.