ന്യൂഡല്‍ഹി: യു.എസ് ആസ്ഥാനമായുള്ള ഡാറ്റാ സ്ഥാപനം ലോക നേതാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ഉയര്‍ന്ന റേറ്റിംഗിനെ പ്രശംസിച്ച്‌ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ. കഴിവുള്ള നേതൃത്വത്തിന് ലഭിച്ച അംഗീകാരമാണെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമാണെന്നും നഡ്ഡ പറഞ്ഞു.

മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച്‌ നഡ്ഡ ട്വീറ്റ് ചെയ്യുകയും ബി.ജെ.പി ഇതേവിഷയം ഉയര്‍ത്തിക്കാട്ടി പത്രസമ്മേളനം നടത്തുകയും ചെയ്തു. കഴിഞ്ഞ ആറു വര്‍ഷമായി പ്രധാനമന്ത്രിയുടെ ജനപ്രീതി തുടര്‍ച്ചയായി വര്‍ധിക്കുന്നത് അപൂര്‍വമായ പ്രതിഭാസമാണന്നാണ് പ്രകാശ് ജാവദേദ്ക്കര്‍ പറഞ്ഞത്.

ലോക നേതാക്കളുടെ അംഗീകാര റേറ്റിംഗുകള്‍ സ്ഥിരമായി നിരീക്ഷിക്കുന്ന അമേരിക്കന്‍ കമ്ബനിയായ മോര്‍ണിംഗ് കണ്‍സള്‍ട്ട് ആണ് സര്‍വെ ഫലം പുറത്തുവിട്ടത്. 75 ശതമാനം പേര്‍ മോദിയെ അംഗീകരിച്ചപ്പോള്‍ 20 എതിര്‍ത്തു. 55 ശതമാനമാണ് സര്‍വെയില്‍ പ്രധാനമന്ത്രിയുടെ റേറ്റിംഗ്. ഇത് മറ്റ് ലോക നേതാക്കളെക്കാള്‍ ഉയര്‍ന്നതും.