തിരുവനന്തപുരം: നെയ്യാറ്റിന്‍കര തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് മരിച്ച രാജനെതിരെ വീണ്ടും ആരോപണവുമായി പരാതിക്കാരി വസന്ത. പട്ടയമുള്ള ഭൂമിയാണ് ഇതെന്നും ആര്‍ക്ക് വേണമെങ്കിലും വില്‍ക്കാം. സുകുമാരന്‍ നായരുടെ പേരിലാണ് പട്ടയം. അത് സുഗന്ധി വാങ്ങി. സുഗന്ധിയില്‍ നിന്നാണ് താന്‍ വാങ്ങിയതെന്നും വസന്ത പ്രതികരിച്ചു.

മരിച്ച രാജനും കുടുംബവും താമസിച്ചിരുന്നത് 15 വര്‍ഷമായി താന്‍ കരമടയ്ക്കുന്ന ഭൂമിയില്‍ ആണ്. കോടതിയില്‍ ഉടമസ്ഥാവകാശം തെളിയിച്ചിട്ട് ഭൂമി ബോബി ചെമ്മണ്ണൂരിന് നല്‍കാമെന്നും വസന്ത പറഞ്ഞു. നാട്ടുകാര്‍ നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. ജീവന് പോലും ഭീഷണിയുള്ള സ്ഥിതിയാണ്. ഡിജിപിക്ക് വരെ പരാതി നല്‍കിയെങ്കിലും നീതി കിട്ടിയില്ല. പട്ടയം ഒരാള്‍ക്കേ കിട്ടൂ. കാലാവധി കഴിഞ്ഞാല്‍ ക്രയവിക്രയം ചെയ്യാം.

സര്‍ക്കാര്‍ നല്‍കിയാലേ ഭൂമി സ്വീകരിക്കൂവെന്ന് നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെ മക്കള്‍ ഇന്നലെ പറഞ്ഞിരുന്നു‍. വിവാദഭൂമി വാങ്ങി നല്‍കാനുള്ള വ്യവസായി ബോബി ചെമണൂരിന്‍റെ നീക്കം ഇതോടെയാണ് പ്രതിസന്ധിയിലായത്. പട്ടയമില്ലാത്ത ഭൂമി വില്‍പ്പന നടത്തി തന്നെ കബളിപ്പിച്ചതാണെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ബോബി ചെമ്മണ്ണൂരും വ്യക്തമാക്കിയിരുന്നു.