മുംബൈ: പുതുവത്സര ആഘോഷത്തിനിടെ അന്ധേരിക്കു സമീപം ഖാര് വെസ്റ്റില്‍ കെട്ടിടത്തില്‍ നിന്നും വീണ് 19കാരി മരിച്ച സംഭവത്തില്‍ കാമുകനും സുഹൃത്തും അറസ്റ്റിലായി. മുംബൈ ജയ്ഹിന്ദ് കോളജിലെ സൈക്കോളജി ബിരുദ വിദ്യാര്‍ഥിനിയായ ജാന്‍വി (19) ആണ് മരിച്ചത്. പ്രതികളായ കാമുകന് ശ്രീ ജോഗ്ധന്കര് (22), കൂട്ടുകാരി ദിയ പഡന്കര് (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണം.
1ാം തീയതി പുലര്‍ച്ചെ 2.30 നാണു ജാന്‍വിയുടെ മൃതദേഹം കെട്ടിടത്തിനു സമീപം കണ്ടെത്തിയത്. അപകട മരണമാണെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പുതുവര്‍ഷത്തെ ആദ്യത്തെ കൊലപാതകക്കേസാണ് മുംബൈ പൊലീസ് റജിസ്റ്റര്‍ ചെയ്തത്. പിതാവിന്റെ പിറന്നാള്‍ ആഘോഷമായിരുതിനാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.15 വരെ പെണ്‍കുട്ടി വീട്ടില്‍തന്നെ ഉണ്ടായിരുന്നു. തുടര്‍ന്നാണു കൂട്ടുകാരുടെ ക്ഷണപ്രകാരം പുതുവത്സരാഘോഷത്തിനെത്തിയത്.