കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പെന്‍ഷന്‍ തടഞ്ഞുവെക്കപ്പെട്ട റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പെന്‍ഷന്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അദ്ധ്യാപകന്‍ ആത്മഹത്യ ചെയ്തുവെന്നാണ് വിവരം. കൊല്‍ക്കത്തയിലെ സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്നു മരിച്ച സുനില്‍ കുമാര്‍ ദാസ് (63).

വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സുനില്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. പെന്‍ഷന്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് ഏറെ നാളായി ഇദ്ദേഹം നിരാശയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുടുംബം എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയാതെ അദ്ദേഹം വളരെ വിഷമിച്ചുവെന്നും വീട്ടുകാര്‍ പറയുന്നു. നിരവധി തവണ ഹയര്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ലെന്നും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.

ആത്മഹത്യാവിവരം പുറത്തുവന്നതോടെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബംഗാളില്‍ കോടിക്കണക്കിന് രൂപയുടെ അദ്ധ്യാപക നിയമന അഴിമതി നടന്ന സാഹചര്യത്തില്‍ സുനില്‍ കുമാര്‍ എന്ന റിട്ട. അദ്ധ്യാപകന്റെ ആത്മഹത്യ ഏറെ ചര്‍ച്ചയാവുകയാണ്. 2019 സെപ്റ്റംബര്‍ അഞ്ചിന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയില്‍ നിന്നും ശിക്ഷാ രത്‌ന പുരസ്‌കാരം സ്വീകരിച്ചിട്ടുള്ള അദ്ധ്യാപകന്‍ കൂടിയായിരുന്നു സുനില്‍ കുമാര്‍.