തന്റെ ജീവിതത്തിലുണ്ടായ മോശം കാലഘട്ടത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച്‌ നടന്‍ ഷൈന്‍ ടോം ചാക്കോ. ജയിലില്‍ കിടന്ന സമയത്ത് ഒരാള്‍ പോലും ഇനി സിനിമയിലേക്ക് വിളിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് താരം പറഞ്ഞു.

തന്നെ സംബന്ധിച്ച്‌ ഒരാള്‍ ഒരു അവസരം നല്‍കുന്നത് ഒരു വലിയ കാര്യമാണന്നും ഷൈന്‍ വ്യക്തമാക്കി. കുടുക്ക് സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍.

കാശിന്റെ പേരില്‍ ഒരിക്കല്‍ പോലും സിനിമയില്‍ അഭിനയിക്കാതിരിക്കില്ല. കൊറോണ കാലത്ത് എത്ര പേരാണ് ശമ്ബളം കിട്ടാതെ ജോലി ചെയ്തത്. പൈസ വേണ്ട ജോലി മതിയെന്ന് പറഞ്ഞവരുമുണ്ട്. തനിക്ക് അറിയാവുന്ന ഒരേയൊരു ജോലി അഭിനയമാണെന്നും പ്രധാനമന്ത്രിയാക്കാം എന്ന് പറഞ്ഞാലും താന്‍ വരില്ലെന്നും ഷൈന്‍ പറഞ്ഞു.

മമ്മൂട്ടിയുടെ സിനിമയോടുള്ള അര്‍പ്പണബോധത്തെക്കുറിച്ചും ഷൈന്‍ സംസാരിച്ചു. ഇപ്പോഴുള്ള നടന്മാരെല്ലാം ഒന്നോ രണ്ടോ സിനിമ കഴിഞ്ഞാല്‍ ലോകം ചുറ്റാന്‍ പോകും. എന്നാല്‍ മമ്മൂക്ക സെറ്റില്‍ നിന്ന് സെറ്റിലേക്ക് യാത്ര ചെയ്യുകയാണ്. സിനിമയോടുള്ള അടങ്ങാത്ത സ്‌നേഹം കൊണ്ടാണത്. “ഉണ്ട” എന്ന സിനിമ മമ്മൂക്കയോടൊപ്പം ചെയ്യുമ്ബോഴുണ്ടായ അനുഭവവും ഷൈന്‍ പറഞ്ഞു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അദ്ദേഹത്തെ ഷോട്ടിന് വിളിച്ചത്. അപ്പോള്‍ തന്നെ അദ്ദേഹം ഭക്ഷണം മതിയാക്കി പോകുകയാണ് ചെയ്തത് എന്നും ഷൈന്‍ ടോം പറഞ്ഞു.