ശ്രീനഗര്‍: അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ പാകിസ്താന്‍ ഡ്രോണ്‍ വഴി കടത്തിയ ആയുധങ്ങള്‍ പിടികൂടിയ കേസിലെ പ്രതിയുടെ വീട്ടില്‍ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജന്‍സി.

കേസിലെ മുഖ്യപ്രതി ഫൈസല്‍ മുനീറിന്റെ വസതിയിലും ജമ്മു, കത്വ, സാംബ,ദോഡ,എന്നിവിടങ്ങളിലുമായാണ് എന്‍ഐഎ പരിശോധനകള്‍ നടത്തിയത്.

കഴിഞ്ഞ ദിവസമാണ് ടോഫ് ഗ്രാമത്തിലാണ് ഉപേക്ഷിച്ച ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തത്. ഫെബ്രുവരിയില്‍ അര്‍ണിയ പോലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തടവില്‍ കഴിയുന്ന പാകിസ്താന്‍ സ്വദേശിയായ ഹാന്‍ഡ്‌ലര്‍ മുഹമ്മദ് അലി ഹുസൈന്‍ എന്ന ഖാസിം കേസില്‍ സുപ്രധാന പങ്കു വഹിച്ചിരുന്നതായി തെളിഞ്ഞു. ഇയാള്‍ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വായ്ബയുടെയും അല്‍ ഖദറിന്റെയും പ്രവര്‍ത്തകനാണെന്നും അറസ്റ്റിലായ പ്രതി വെളിപ്പെടുത്തിയിരുന്നു.

ജയിലില്‍ നിന്നും ഇയാളെ കോടതിയില്‍ ഹാജരാക്കി പോലീസ് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ആയുധം ഉപേക്ഷിച്ച കേസില്‍ കുറ്റസമ്മതം നടത്തി. ആയുധങ്ങള്‍ ഒളിപ്പിച്ച രണ്ടിടങ്ങള്‍ പോലീസിന് വെളിപ്പെടുത്തുകയും ചെയ്തു. ആയുധങ്ങള്‍ കണ്ടെടുക്കുന്നതിനായി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ സംഭവ സ്ഥലത്ത് പരിശോധനകള്‍ പുരോഗമിക്കുന്നു.

പരിശോധന നടത്തിയ ആദ്യ സ്ഥലത്ത് നിന്നും ആയുധങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ രണ്ടാമത് പരിശോധന നടത്തിയ സ്ഥലത്ത് ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തുതായി അഡീഷണല്‍ ഡയറക്ടര്‍ ഡനറല്‍ ഓഫ് പോലീസ് മുകേഷ് സിംഗ് പറഞ്ഞു. പരിശോധനയ്‌ക്കിടെ പ്രതി പോലീസിനെ അക്രമിച്ച്‌ രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. പിന്നീട് ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ ഇവ വിശദമായി പരിശോധിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.