സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള ശീതയുദ്ധമാണ് ഫ്രഞ്ച് ലീഗിലെ വമ്ബന്മാരായ പാരിസ് സെന്റ് ജെര്‍മനെ (പി.എസ്.ജി) വലക്കുന്നത്. കെയ്‍ലിയന്‍ എംബാപ്പെയും ബ്രസീലിയന്‍ താരം നെയ്മറും തമ്മിലുള്ള വാക്ക്പോര് രൂക്ഷമാകുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മോണ്ട്പെല്ലെയെറിനെതിരെ ടീം 5-2ന്‍റെ ഉജ്ജ്വല വിജയം നേടിയെങ്കിലും സൂപ്പര്‍ താരങ്ങള്‍ക്കിടയിലെ ഭിന്നത പരസ്യമാകുന്നതിനും മത്സരം സാക്ഷിയായി. മൂന്നു വര്‍ഷത്തെ കരാര്‍ പുതുക്കിയ എംബാപ്പെക്ക് ഇപ്പോള്‍ ക്ലബില്‍ വീറ്റോ അധികാരം ഉണ്ടെന്നാണ് പരക്കെ സംസാരം. ഇതാണ് നെയ്മറിനെ ചൊടിപ്പിച്ചിരിക്കുന്നത്.

സീസണിലെ ആദ്യ മത്സരത്തില്‍ എംബാപ്പെ കളിച്ചിരുന്നില്ല. മോണ്ട്പെല്ലെയെറിനെ കളത്തിലിറങ്ങിയ ഫ്രഞ്ച് താരം ഒരു ഗോള്‍ നേടി. എന്നാല്‍, പെനാള്‍ട്ടി നഷ്ടപ്പെടുത്തി. സീസണില്‍ മിന്നുംഫോം തുടരുന്ന നെയ്മര്‍ മത്സരത്തില്‍ രണ്ടു തവണ വലകുലുക്കി. ഇതിലൊന്ന് പെനാള്‍ട്ടി ഗോളായിരുന്നു.

എന്നാല്‍, ടീമിന് ലഭിച്ച രണ്ടാമത്തെ പെനാള്‍ട്ടി എടുക്കുന്നതിനെ ചൊല്ലി ഇരുവരും കളത്തില്‍ ‘ഏറ്റുമുട്ടി’യതോടെയാണ് തര്‍ക്കം പരസ്യമായത്. നെയ്മര്‍ കിക്ക് എടുക്കാന്‍ തയാറെടുക്കുന്നതിനിടെ 23കാരനായ ഫ്രഞ്ച് താരം അടുത്തുവെന്ന് പെനാള്‍റ്റി താന്‍ എടുക്കാമെന്ന് പറയുന്നുണ്ട്. എന്നാല്‍, നെയ്മര്‍ വിട്ടുകൊടുക്കാന്‍ തയാറാകാതെ വന്നതോടെയാണ് എംബാപ്പ പിന്മാറിയത്.

ഭിന്നത രൂക്ഷമായതോടെയാണ് പ്രശ്നപരിഹാരത്തിന് സഹതാരമായ സെര്‍ജിയോ റാമോസ് ഇടപെടുന്നത്. എന്നാല്‍, ഈ വേനല്‍ക്കാലത്ത് തന്നെ നെയ്മറെ ക്ലബ് വില്‍ക്കണമെന്നാണ് എംബാപ്പെ ആഗ്രഹിക്കുന്നതെന്ന് ഫ്രഞ്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. ലയണല്‍ മെസ്സിക്കൊപ്പം തനിക്ക് ലൈനില്‍ കളിക്കാമെന്നും താരം പറയുന്നു. എന്നാല്‍, മികച്ച ഫോമില്‍ തുടരുന്ന നെയ്മറെ പിണക്കാനും കബ്ല് ആഗ്രഹിക്കുന്നില്ല.

പി.എസ്.ജിക്കായി സീസണില്‍ കളിച്ച മൂന്നു മത്സരങ്ങളില്‍നിന്നായി അഞ്ചു ഗോളുകളാണ് ബ്രസീലിയന്‍ താരം നേടിയത്. മൂന്നു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. നിലവിലെ ചാമ്ബ്യന്മാരായ പി.എസ്.ജിക്ക് ആഗസ്റ്റ് 21ന് ലോസ്ക് ലില്ലിയുമായാണ് അടുത്ത മത്സരം.