ബെര്‍ലിന്‍: പോളണ്ടിലെ ഓഡര്‍ നദിയില്‍ ടണ്‍ കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് ആശങ്ക സൃഷ്ടിക്കുന്നു. വെള്ളിയാഴ്ച മുതല്‍ 100 ടണ്ണോളം ചത്ത മത്സ്യങ്ങളെയാണ് പോളിഷ് അഗ്നിശമന സേനാംഗങ്ങള്‍ നദിയില്‍ നിന്ന് നീക്കം ചെയ്തത്. 500 ലേറെ അഗ്നിശമന സേനാംഗങ്ങളെയാണ് മത്സ്യങ്ങളെ നീക്കം ചെയ്യാന്‍ നിയോഗിച്ചിരിക്കുന്നത്.

ഇതാദ്യമായാണ് ഇത്തരമൊരു ദൗത്യം ഒരു നദിയെ കേന്ദ്രീകരിച്ച്‌ തങ്ങള്‍ നടത്തുന്നതെന്ന് പോളിഷ് അധികൃതര്‍ പറയുന്നു. മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിന്റെ കാരണം കണ്ടെത്താനാകാത്തതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. ഏതെങ്കിലും തരത്തിലെ വിഷാംശമാണോ മത്സ്യങ്ങളെ കൊന്നൊടുക്കുന്നതെന്നാണ് അധികൃതരുടെ സംശയം. ഇതിനായി നദീജല സാമ്ബിളുകള്‍ ചെക്ക് റിപ്പബ്ലിക്, നെതര്‍ലന്‍ഡ്സ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ട്.

ജര്‍മ്മനിയിലൂടെയും ഓഡര്‍ നദി ഒഴുകുന്നുണ്ട്. നദിയില്‍ ആരും കുളിക്കാനോ മത്സ്യബന്ധനം നടത്താനോ പാടില്ലെന്ന് ജര്‍മ്മന്‍ മുന്‍സിപ്പാലിറ്റികള്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് ഉത്ഭവിക്കുന്ന 840 കിലോമീറ്റര്‍ നീളമുള്ള ഓഡര്‍ നദി ജര്‍മ്മന്‍, പോളിഷ് അതിര്‍ത്തികളിലൂടെ ബാള്‍ട്ടിക് കടലില്‍ പതിക്കുന്നു. മത്സ്യങ്ങള്‍ കൂട്ടമായി ചത്തുപൊങ്ങുന്നത് നദിയിലെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.

ഈ പരിസ്ഥിതി ദുരന്തത്തിന് കാരണമായവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 180,000 ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് പോളണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാസ മാലിന്യങ്ങളെയാണ് നിലവില്‍ അധികൃതര്‍ സംശയിക്കുന്നത്. എന്നാല്‍, ഇതുവരെ നടത്തിയ പരിശോധനകളില്‍ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഉപ്പിന്റെ അളവ് ഉയര്‍ന്നതായി കണ്ടെത്തി.

ഉയര്‍ന്ന ക്ലോറിനടങ്ങിയ ഫാക്ടറി മാലിന്യങ്ങള്‍ നദിയില്‍ കലര്‍ന്നോ എന്നും സംശയമുണ്ട്. ജൂലായ് 28നാണ് നദിയില്‍ ആദ്യമായി മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. അധികൃതര്‍ സമയോചിതമായി ഇടപെട്ടില്ലെന്ന് വിമര്‍ശനമുണ്ട്. പോളിഷ് ഭരണകൂടം വിവരം തങ്ങളെ അറിയിച്ചില്ലെന്ന് ജര്‍മ്മനിയും ആരോപിക്കുന്നു.

സമീപകാലത്ത് താരതമ്യേന ശുദ്ധജല നദിയായിരുന്ന ഓഡറില്‍ 40 സ്പീഷീസിലെ മത്സ്യങ്ങളുണ്ടായിരുന്നു. എന്നാലിന്ന് 40 സെന്റീമീറ്ററോളം വലിപ്പമുള്ള കൂറ്റന്‍ മത്സ്യങ്ങള്‍ വരെ നദിയില്‍ ജീവനറ്റ് ഒഴുകുകയാണ്.