ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രമാണ് സീതാ രാമം. ഇന്ത്യന്‍ ആര്‍മിയിലെ ലഫ്റ്റനന്റ് ഓഫീസറുടെ വേഷത്തില്‍ ദുല്‍ഖര്‍ എത്തുന്ന ചിത്രം തിയറ്ററുകളില്‍ വിജയ കുതിപ്പ് തുടരകയാണ്.

റിലീസ് ദിനം മുതല്‍ സിനിമയ്‌ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോളിതാ ദുല്‍ഖര്‍ ചിത്രത്തെ വാനോളം പുകഴ്‌ത്തി രം​ഗത്തെത്തിയിരിക്കുയാണ് മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. തീര്‍ച്ചയായും എല്ലാവരും കാണേണ്ട ചിത്രമാണ് സീതാ രാമം എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

“സീതാ രാമം കണ്ടു. അഭിനേതാക്കളുടെയും സാങ്കേതിക വിഭാഗത്തിന്റെയും ഏകോപനത്തില്‍ ഒരു മനോഹര ദൃശ്യം. സാധാരണ പ്രണയ കഥ എന്നതിനപ്പുറം, ഒരു സൈനികന്റെ ധീരതയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം വിവിധ വികാരങ്ങളെ ഉണര്‍ത്തുന്നു. നിര്‍ബന്ധമായും കാണേണ്ടത്. ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി സീതാ രാമം എനിക്ക് തന്നു. യുദ്ധശബ്ദങ്ങളില്ലാതെ കണ്ണിന് കുളിര്‍മയേകുന്ന പ്രകൃതിഭംഗി കണ്ടെത്തിയ സംവിധായകന്‍ ഹനു രാഘവപുടി അടക്കമുള്ള ടീമിന് അഭിനന്ദനങ്ങള്‍” എന്നാണ് വെങ്കയ്യ നായിഡു കുറിച്ചിരിക്കുന്നത്.

വെങ്കയ്യ നായിഡുവിന്റെ അഭിനന്ദനത്തിന് നന്ദി രേഖപ്പെടുത്തി ദുല്‍ഖറും രം​ഗത്തു വന്നു. “ഹൃദയം നിറഞ്ഞ നന്ദി സര്‍” എന്നാണ് മുന്‍ ഉപരാഷ്‌ട്രപതിയുടെ പോസ്റ്റിന് താഴെ ദുല്‍ഖര്‍ രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 5 നാണ് സീതാ രാമം പ്രേക്ഷകരിലേക്ക് എത്തിയത്. തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. മൃണാള്‍ താക്കൂറും രശ്മിക മന്ദാനയുമാണ് സിനിമയിലെ നായികമാര്‍. ഇതിനോടകം ചിത്രം 50 കോടി കടന്നു.