മനുഷ്യന്‍ ചെയ്യുന്ന നന്മ തിന്മകള്‍ കണക്കുകൂട്ടി ചെയ്‌തത് പാപമാണോ പുണ്യമാണോ അധികം എന്ന് കണ്ടെത്തി നരകമോ സ്വര്‍ഗമോ എന്ന് നിശ്ചയിക്കുന്ന ദേവനാണ് ചിത്രഗുപ്‌തന്‍. യമധര്‍മ്മന്റെ മുഖ്യ സഹായിയാണ് ചിത്രഗുപ്‌തന്‍. വിദ്യാഭ്യാസത്തില്‍ മുന്നിലെത്താനും വിവാഹം നടക്കാനും വിവാഹിതര്‍ക്ക് കുട്ടികളുണ്ടാകാനും ചിത്രഗുപ്‌തനെ ആരാധിക്കുന്ന ഒരു ക്ഷേത്രം ഇന്ത്യയിലുണ്ട്. തെലങ്കാനയിലാണത്. ഹൈദരാബാദില്‍ പഴയ കായസ്ഥ ഭരണകാലത്ത് നവാബുമാരുടെ മന്ത്രിമാരില്‍ ഒരാളായ രാജാ കിഷന്‍ പ്രസാദ് സ്ഥാപിച്ച ചിത്രഗുപ്‌തക്ഷേത്രമാണത്. കുട്ടികളുണ്ടാകാന്‍ മാത്രമല്ല രാഹുകേതുകളുടെ ഗുരുവായ ചിത്രഗുപ്‌തനെ ദര്‍ശിച്ചാല്‍ എല്ലാ ദോഷങ്ങളുമകന്ന് നല്ലത് വരുമെന്നാണ് വിശ്വാസം.

ചിത്രഗുപ്‌തന്‍ ഭാര്യമാരായ നന്ദിനി, ശോഭാവതി എന്നിവര്‍ക്കൊപ്പം ഇവിടെ പരിലസിക്കുന്നു. ഏഴ് ആഴ്‌ച തുടര്‍ച്ചായി ദര്‍ശനം നടത്തി വഴിപാട് ചെയ്‌താല്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസം. ഏഴ് ആഴ്‌ചകള്‍ വരാനായില്ലെങ്കില്‍ ഒരാഴ്‌ചയെങ്കിലും കൃത്യമായി എത്തണമെന്ന് നിര്‍ബന്ധമാണ് ഇവിടെയുള‌ളത്. രാജ്യത്തെ അപൂര്‍വം ചിത്രഗുപ്‌ത ക്ഷേത്രങ്ങളില്‍ ഒന്നായതിനാലും ദൂരെദിക്കുകളില്‍ നിന്നുപോലും ഭക്തരെത്തുന്നുണ്ട്. ഉപദേവന്മാരായി ആഞ്ജനേയസ്വാമി, ശിവന്‍, അയ്യപ്പന്‍ എന്നിവര്‍ക്കൊപ്പം ഷിര്‍ദ്ദി സായിബാബയുടെ പ്രതിഷ്‌ഠയുമുണ്ട്. വലിയ ഭക്തജനത്തിരക്കാണ് ഇവിടെയുണ്ടാകുന്നത്.