റിസ്‌ക് എടുക്കാന്‍ തയ്യാറാകാത്തവര്‍ സാധാരണയായി തെരഞ്ഞെടുക്കുന്നത് സ്ഥിര നിക്ഷേപമാണ്. സ്ഥിര നിക്ഷേപം ആരംഭിക്കുന്ന സമയത്ത് ഏത് ബാങ്കില്‍ നിക്ഷേപിക്കണം എന്നത് സംബന്ധിച്ച്‌ നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയുണ്ടാവാറുണ്ട്. ഏത് ബാങ്കാണ് ഉയര്‍ന്ന പലിശ നല്‍കുന്നത് എന്ന് അന്വേഷിക്കുന്നത് പതിവാണ്.

റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്കുയര്‍ത്തിയ സാഹചര്യത്തില്‍ ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നുണ്ട്. ഈയിടെ നിരക്കുയര്‍ത്തിയ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് 8.25 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കാണ്‌ 8.25 ശതമാനം പലിശ നല്‍കുന്നത്.

രാജ്യത്തെ പ്രധാന സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലൊന്നാണ് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. 2015ലാണ് റിസര്‍വ് ബാങ്ക് ചെറുകിട ബാങ്കിങ് ലൈസന്‍സ് അനുവദിച്ചത്. ബംഗളൂരുവാണ് ബാങ്കിന്റെ ആസ്ഥാനം.

525 ദിവസം, 990 ദിവസം, 75 മാസം എന്നിങ്ങനെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് 7.5 ശതമാനമായാണ് ഉയര്‍ത്തിയത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പലിശയായി 75 ബേസിക് പോയന്റ് അധികമായി ലഭിക്കും.

525 ദിവസം കാലാവധിയുള്ള നിക്ഷേപത്തിന് നിലവില്‍ ഏഴു ശതമാനമാണ് പലിശ. ഇതാണ് ഏഴര ശതമാനമാക്കിയത്. 990 ദിവസത്തിന്റേതിന് 7.20 ശതമാനമായിരുന്നു പലിശ. ഇതാണ് ഏഴര ശതമാനമായി ഉയര്‍ത്തിയത്. ആറുശതമാനമായിരുന്നു 75 മാസം കാലാവധിയുള്ള നിക്ഷേപത്തിന്. ഒന്നര ശതമാനം ഉയര്‍ത്തിയാണ് പലിശനിരക്ക് ഏഴര ശതമാനമാക്കിയത്. പ്ലാറ്റിനം സ്ഥിര നിക്ഷേപം തെരഞ്ഞെടുക്കുന്നവര്‍ക്ക് 20 ബേസിക് പോയന്റ് അധികം ലഭിക്കും. അതായത് 7.7 ശതമാനം പലിശ. പക്ഷേ, കുറഞ്ഞത് 15 ലക്ഷമെങ്കിലും നിക്ഷേപിക്കണം.