കൊച്ചി: അനാരോഗ്യകരമാണെങ്കിലും ഫാസ്റ്റ് ഫുഡ് പ്രേമികള്‍ക്കിടയില്‍ പ്രത്യേക സ്ഥാനമുള്ള ഒരു വിഭവമാണ് പൊറോട്ട. കേരളീയ ഭക്ഷണം എന്ന് വരെ ഭക്ഷണപ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്ന പൊറോട്ട ഇഷ്ടപ്പെടാത്ത മലയാളികളില്ല. പൊറോട്ടയില്ലാതെ മലയാളിയില്ല. അത്രയ്‌ക്കുണ്ട് മലയാളികളുടെ പൊറോട്ട പ്രേമം.

ഒളിമ്ബിക് മെഡല്‍ നേടുന്നത് വരെ പൊറോട്ട കഴിക്കില്ലെന്ന് ദൃഢ പ്രതിജ്ഞ എടുത്ത ആളെക്കുറിച്ച്‌ അറിയാമോ? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ ജേതാവായ ശ്രീശങ്കര്‍ മുരളിയാണ് ഈ വിചിത്രമായ പ്രതിജ്ഞ എടുത്തയാള്‍. 23 കാരനായ ലോങ് ജമ്ബ് താരം കോമണ്‍വെല്‍ത്ത് ഗെയിംസിലെ മിന്നും വിജയത്തിന് ശേഷവും ആ പ്രതിജ്ഞ ലംഘിച്ചിട്ടില്ല. എന്താണ് ഇത്ര കടുത്ത തീരുമാനത്തിന് കാരണമെന്നല്ലേ? അതിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്.

2019 ല്‍ പൊറോട്ട കഴിക്കുകയായിരുന്നു ശ്രീശങ്കര്‍. മൊരിഞ്ഞ പൊറോട്ട അങ്ങനെ അകത്താക്കുമ്ബോള്‍ ഉടനെ അച്ഛന്റെ കമന്റെത്തി. നീ ഇങ്ങനെ ഇത് കഴിച്ചുകൊണ്ടിരുന്നോ, മറ്റ് താരങ്ങള്‍ 8.15 മീറ്ററും അതിന് മുകളിലും ചാടുന്നു. അന്ന് ശ്രീശങ്കര്‍ ടോക്കിയോ ഒളിമ്ബിക്‌സ് വരെ പൊറോട്ട കഴിക്കില്ലെന്ന് തീരുമാനമെടുത്തു.

എന്നാല്‍ ടോക്കിയോ ഒളിമ്ബിക്‌സില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രീശങ്കറിനായില്ല. 7.69 മീറ്റര്‍ ചാടി ഹീറ്റ്‌സില്‍ 24 ാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. കൊറോണയ്‌ക്ക് ശാരീരികമായി ഏറെ തളര്‍ന്ന ശ്രീശങ്കര്‍ എട്ടാം സ്ഥാനമെങ്കിലും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കൊറോണാന്തര ബുദ്ധിമുട്ടുകള്‍ പരിശീലനത്തെ പലപ്പോഴും തടസ്സപ്പെടുത്തിയെന്ന് താരം പറയുന്നു.

എന്തായാലും ഇനി ഒളിമ്ബിക്‌സ് മെഡല്‍ ഇന്ത്യക്കായി നേടിയിട്ടേ പൊറോട്ട കഴിക്കുകയുള്ളൂ എന്ന് താരം ഉറപ്പിച്ച്‌ പറയുന്നു. അതിനായി ഇനി നാലു വര്‍ഷം അധികം കാത്തിരിക്കേണ്ടി വന്നാലും. മെഡലില്ലാതെ പൊറോട്ടയില്ലയില്ലെന്ന് സാരം.