കാസര്‍കോട്: പാണത്തൂര്‍ പരിയാരത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 11.30ഓടെയാണ് അപകടമുണ്ടായത്.

കര്‍ണാകയിലെ സുള്ള്യയില്‍ നിന്നും പാണത്തൂരിലേക്ക് കല്ല്യാണ പാര്‍ട്ടിയുമായി വന്ന ബസാണ് കുത്തനെയുള്ള ഇറക്കത്തില്‍ വച്ച്‌ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ബസ് ഇറക്കത്തില്‍ വച്ച്‌ നിയന്ത്രണം വിട്ട് സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ബസില്‍ നാല്പതോളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം വീടിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല.

പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കര്‍ണാടകയിലെ വിവിധ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.