വഴിയരികിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിന്‍റെ കാറ്റഴിച്ചു വിട്ടയാൾക്കെതിരെ പൊലീസിന് പരാതി. കോട്ടയം വാഴൂരിൽ ഞായറാഴ്ച രാവിലേ പതിനൊന്നു മണിയോടെയാണ് ഒരാൾ ആംബുലൻസിന്‍റെ മുൻ വശത്തെ ടയറിന്‍റെ കാറ്റ് അഴിച്ചു വിട്ടത്. തൊട്ടടുത്ത ദിവസം രോഗിയുമായി പോകാൻ ഡ്രൈവർ വാഹനം എടുക്കുമ്പോഴാണ് ടയറിൽ കാറ്റ് ഇല്ലാത്ത വിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ടയറിന്‍റെ ട്യൂബിനുള്ളിൽ മണൽ നിറച്ചതായി കണ്ടെത്തി. സംശയം തോന്നിയ ആംബുലൻസ് ഉടമ ജിബിൻ സമീപത്തെ സി സി ടി വി പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്.

വീഡിയോ കാണാം

 

ഒരു മധ്യവയസ്കൻ ആംബുലൻസ്ന് ചുറ്റും നടക്കുന്നതും കാറ്റ് അഴിച്ചു വിടുന്നതും സിസിടിവിയിൽ വ്യക്തമാണ്. ജിബിന്റെ അയൽവാസി തന്നെയാണ് പ്രതി. എന്നാൽ ഇയാളുമായി ഒരു പ്രശ്നവുമില്ലെന്ന് ജിബിൻ പറയുന്നു. കാറ്റ് ഇല്ലാത്തതിനാൽ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ അരമണിക്കൂറോളം വൈകി. സംഭവത്തിൽ പള്ളിക്കത്തോട് പൊലീസിന് നൽകിയ പരാതി നൽകിയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളുണ്ടായിട്ടും കുറ്റം സമ്മതിക്കാൻ അയൽവാസി കൂട്ടാക്കിയിട്ടില്ല.

അതേസമയം തൊടുപുഴയിൽ നിന്ന് പുറത്തുവരുന്ന വാ‍ർത്ത ഉടുമ്പന്നൂർ മങ്കുഴിയിൽ നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നതാണ്. പ്രസവം പുറത്തറിയാതെ ഇരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മ പോലീസിന് മൊഴി നല്‍കി. അമ്മയെ മങ്കുഴിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം അമിത രക്തസ്രാവത്തെ തുടര്‍ന്ന് തൊടുപുഴ താലൂക്കാശുപത്രിയിൽ യുവതി ചികിത്സ തേടി എത്തിയിരുന്നു. നവജാത  ശിശുവിനെ   പ്രസവ ശേഷം കൊലപ്പെടുത്തിയെന്ന വിവരം പുറം ലോകമറിയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിലും കൊലപാതകമെന്ന് ഉറപ്പായെങ്കിലും യുവതി  ചികിത്സയിലായത് കൊണ്ട് അറസ്റ്റ് ചെയ്യാനായില്ല. ഇന്ന് ചികിത്സ കഴിഞ്ഞ് യുവതി ആശുപത്രി വിട്ടതോടെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് സംഭവം നടന്ന ഉടുമ്പന്നൂർ മങ്കുഴിയിലെ വീട്ടിലെത്തിച്ച്  തെളിവെടുപ്പ് നടത്തി. പ്രസവിച്ച ഉടന്‍ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന് യുവതി നല്‍കിയ മൊഴി. ആദ്യം പ്രസവത്തിന് മുൻപ് കുഞ്ഞ് മരിച്ചിരുന്നുവെന്ന് യുവതി പറഞ്ഞെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് അടക്കം കാണിച്ചപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.