മുംബൈ: മഹേന്ദ്രസിംഗ് ധോണിയോട് എവിടെ ഉറച്ചുനില്‍ക്കാനാണ് താല്‍പ്പര്യമെന്നത് അറിയിക്കണമെന്ന് ബിസിസിഐ. ഐപിഎല്ലിന്റെ ഭാഗമായി തുടരാനാണോ അതോ സിഎസ്‌കെയുടെ മാത്രം ഭാഗമാകാനാണോ എന്നത് അറിയിക്കാനാണ് നിര്‍ദ്ദേശം.

ഐപിഎല്ലില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ക്ലബ്ബുകള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ താരങ്ങള്‍ക്ക് കളിക്കണമെങ്കില്‍ ഇന്ത്യയിലെ എല്ലാ ഔദ്യോഗിക ക്രിക്കറ്റ് ബന്ധങ്ങളും ഒഴിയണമെന്ന നിയമമാണ് ധോണിക്കും ബാധമാകുക.
ഇന്ത്യയുടേയോ സംസ്ഥാനങ്ങളുടേയോ ടീമില്‍ ഭാഗമാകുന്ന ആര്‍ക്കും വിദേശ ലീഗില്‍ കളിക്കാന്‍ സാധിക്കില്ലെന്ന നയമാണ് ധോണിയുടെ കാര്യത്തില്‍ പരിഗണിക്കേണ്ടിവന്നിരിക്കുന്നത്.

ധോണി ഉപദേശകനായ സിഎസ്‌കെ ടീം ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ടി20 ലീഗില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ബിസിസിഐ ലിസ്റ്റില്‍ ഇല്ലാത്തവരും സംസ്ഥാന ടീമിലില്ലാത്തവര്‍ക്കുമാണ് പുതിയ നിയന്ത്രണ പ്രകാരം വിദേശമത്സരങ്ങളില്‍ പങ്കെടുക്കാനാകൂ. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ അല്ലാതെ മറ്റ് പ്രൊഫഷണല്‍ ലീഗില്‍ മത്സരിക്കാന്‍ അനുവാദമില്ല. ധോണി നിലവില്‍ ബിസിസിഐയുടെ ഭാഗമെന്ന നിലയിലാണ് ഐപിഎല്ലിലുള്ളത്.

ധോണിക്ക് ദക്ഷിണാഫ്രിക്കയിലെ സിഎസ്‌എയുടെ ലീഗില്‍ ടീമിന്റെ ഭാഗമായി പോകണമെങ്കില്‍ ഐപിഎല്ലിന്റെ ഭാഗമായി നിന്നുകൊണ്ട് പോകാനാവില്ലെന്ന സാങ്കേതിക പ്രശ്നമാണ് ബിസിസിഐ ചൂണ്ടിക്കാട്ടുന്നത്. ആദ്യം എല്ലാ മേഖലയില്‍ നിന്നും വിരമിച്ചതായി ബിസിസിഐയെ അറിയിക്കണമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളെ വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍ നിന്നും വിലക്കുന്ന ബിസിസിഐ നടപടിക്കെതിരെ മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ് ഇതിനിടെ രംഗത്ത് വന്നിരുന്നു.

‘എനിക്ക് ഐപിഎല്ലിനോട് എതിര്‍പ്പില്ല. എന്നാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇന്ത്യയിലെ ഐപിഎല്ലില്‍ വരുന്ന പോലെ എന്തുകൊണ്ടാണ് ബിഗ് ബാഷ് ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങളെ അനുവദിക്കാത്തത്. ഒരു ലീഗില്‍ മാത്രം ലോകത്തിലെ എല്ലാ താരങ്ങള്‍ക്കും കളിക്കാം എന്നത് എന്ത് നിയമമാണ്. ഇന്ത്യന്‍ താരങ്ങളെ മറ്റൊരു രാജ്യത്തിനും ലഭിക്കുന്നില്ല.’ ഗില്‍ക്രിസ്റ്റ് ചോദിക്കുന്നു.