ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിയര്‍ റെയില്‍വേ പാലത്തിന്റെ തൂണില്‍ ത്രിവര്‍ണ പതാക പറത്തുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച്‌ ഇന്ത്യന്‍ റെയില്‍വേ.

നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മണിപ്പൂരിലെ നോണി പാലത്തിലാണ് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ത്രിവര്‍ണ പതാക ഉയര്‍ത്തിയത്. ഇതിന്റെ ആകാശ ദൃശ്യങ്ങളുടെ വീഡിയോ സഹിതമാണ് റെയില്‍വേ മന്ത്രാലയം ഇക്കാര്യം ട്വീറ്റ് ചെയ്തത്.

നിര്‍മാണ ജോലി നടത്തുന്നവരുള്‍പ്പെടെ പാലത്തില്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിനെ ബന്ധിപ്പിക്കുന്ന ജിരിബാം- തുപുല്‍ ബ്രോഡ്‌ഗേജ് പാതയുടെ ഭാഗമായിട്ടാണ് ഏറ്റവും ഉയരമുളള തൂണുകളില്‍ റെയില്‍വേ ബ്രോഡ്‌ഗേജ് പാത നിര്‍മിക്കുന്നത്. 111 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. 141 മീറ്ററാണ് തൂണുകളുടെ ഉയരം. നിര്‍മാണം പൂര്‍ത്തിയായാല്‍ മോണ്ടനെഗ്രോയിലെ 139 മീറ്റര്‍ ഉയരമുളള മാല റിജേക്ക പാലത്തിന്റെ റെക്കോഡാണ് ഇത് മറികടക്കുക. സാധാരണ 50 മുതല്‍ 90 മീറ്റര്‍ വരെ ഉയരമാണ് റെയില്‍വേ പിയര്‍ പാലങ്ങള്‍ക്ക് ഉണ്ടാകുക.

ത്രിവര്‍ണം പുതിയ ഉയരങ്ങളിലേക്ക് പറക്കുകയാണ്. നമ്മുടെ ത്രിവര്‍ണ പതാക നിര്‍മാണം പുരോഗമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പിയര്‍ ബ്രിഡ്ജില്‍ പാറി പറന്നപ്പോള്‍ എന്നായിരുന്നു ട്വിറ്റര്‍ വീഡിയോയ്‌ക്ക് റെയില്‍വേ മന്ത്രാലയം നല്‍കിയ ക്യാപ്ഷന്‍.

നിര്‍മാണം പൂര്‍ത്തിയായാല്‍ 111 കിലോമീറ്റര്‍ ദൂരം 2 മുതല്‍ 2.5 മണിക്കൂറിനുളളില്‍ യാത്ര ചെയ്യാന്‍ സാധിക്കും. നിലവില്‍ ജിരിബാമില്‍ നിന്നും ഇംഫാലില്‍ എത്താന്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ എടുക്കും. എന്‍എച്ച്‌ 37 ലൂടെ 220 കിലോമീറ്ററാണ് ദൂരം.