ന്യൂഡല്‍ഹി: ആഗോളപ്രതിസന്ധികള്‍ക്ക് പ്രതിവിധിയ്‌ക്കായി ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രീയ സ്ഥിരതയുടെ കരുത്ത് ഇന്ത്യ കാണിച്ചു, ലോകം അതിന് സാക്ഷിയായെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും അതാണ് നമ്മുടെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.76ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വികസിത ഇന്ത്യയ്‌ക്കായി അഞ്ച് ദൗത്യങ്ങള്‍ പ്രധാനമന്ത്രി മുന്നോട്ട് വെച്ചു. വികസിത ഭാരതം, അടിമത്ത മനോഭാവം അവസാനിപ്പിക്കല്‍,പൈതൃകത്തില്‍ അഭിമാനിക്കുക,ഏകത പൗരധര്‍മ്മം പാലിക്കല്‍ എന്നതാണ് അഞ്ച് ദൗത്യങ്ങള്‍ . അടുത്ത 25 വര്‍ഷം നിര്‍ണ്ണായകമാണെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. 75 വയസ്സിലേക്കുള്ള ഇന്ത്യയുടെ യാത്ര എളുപ്പമായിരുന്നില്ല. രാജ്യത്തിന്റെ മുന്നേറ്റം ഉയര്‍ച്ചയും താഴ്‌ച്ചയും അഭിമുഖീകരിച്ചായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ പങ്കുചേര്‍ന്ന ധീരദേശാഭിമാനികളെ അനുസ്മരിച്ചു. കടമയുടെ പാതയില്‍ ജീവിതം നല്‍കിയ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ബാബാസാഹേബ് അംബേദ്കര്‍,വീര്‍ സവര്‍ക്കര്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം അനുസ്മരിച്ചത്. ധീരദേശാഭിമാനികളോട് ഭാരതീയര്‍ എന്നും നന്ദിയും കൂറമുള്ളവരായിരിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഇളക്കിയ മംഗള്‍ പാണ്ഡെ, താത്യാ തോപ്പെ, ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസാദ്, അഷ്ഫഖുള്ള ഖാന്‍, രാം പ്രസാദ് ബിസ്മില്‍ എന്നിവരോടും നമ്മുടെ എണ്ണമറ്റ വിപ്ലവകാരികളോടും ഈ രാജ്യം നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദന്‍ എന്നിവര്‍ക്കും പ്രധാനമന്ത്രിയുടെ ആദരം. ‘ഗുരു അടക്കമുള്ളവര്‍ രാജ്യത്തിന്റെ ആത്മാവിനെ ജ്വലിപ്പിച്ചു ചരിത്രം അവഗണിച്ച ധീരപോരാളികള്‍ക്ക് ആദരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന് വേണ്ടി പോരാടിയ വനവാസികളെ സല്യൂട്ട് ചെയ്യുന്നു. ബിര്‍സ മുണ്ട, സിദ്ധു-കന്‍ഹു, അല്ലൂരി സീതാരാമ രാജു, ഗോവിന്ദ് ഗുരു സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായി മാറുകയും ആദിവാസി സമൂഹത്തെ മാതൃഭൂമിക്ക് വേണ്ടി ജീവിക്കാനും മരിക്കാനും പ്രചോദിപ്പിച്ച എണ്ണമറ്റ പേരുകള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് 14-ന് ഞങ്ങള്‍ വിഭജനത്തിന്റെ ഭീകരത ഓര്‍ത്തു.വിഭജനത്തെ ഇന്ത്യ ഓര്‍ക്കുന്നത് ഹൃദയവേദനയോടെയാണ്. ഈ കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സംഭാവന നല്‍കിയ രാജ്യത്തെ എല്ലാ പൗരന്മാരെയും സ്മരിക്കുന്ന ദിവസമാണ് ഇന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ നാരീശക്തിയിലും അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രത്യേകം എടുത്തു പറഞ്ഞു. റാണി ലക്ഷ്മിഭായി, ഝല്‍കാരി ബായി, ചെന്നമ്മ, ബീഗം ഹസ്രത്ത് മഹല്‍ എന്നിങ്ങനെ ഇന്ത്യയിലെ സ്ത്രീകളുടെ കരുത്ത് ഓര്‍ക്കുമ്ബോള്‍ ഓരോ പൗരനിലും അഭിമാനം നിറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രസംഗത്തില്‍ അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഓര്‍ത്തു. അദ്ദേഹത്തെ വണങ്ങുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.