ന്യൂഡല്‍ഹി: സ്ത്രീവിരുദ്ധത തുടച്ചുനീക്കാന്‍ ഓരോ പൗരന്മാരോടും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളെ അപമാനിക്കുന്ന എല്ലാ രീതികളില്‍ നിന്നും നാം മുക്തമാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

മനസിലെ ഒരു വേദനയാണ് ഈ പങ്കുവെക്കുന്നത്. ഇന്ത്യക്കാരായ പലരുടെയും വാക്കുകളിലും പ്രവൃത്തികളിലും സ്ത്രീകളെ അപമാനിക്കുന്ന രീതി കടന്നുവരുന്നുണ്ട്. അത്തരത്തില്‍ സ്ത്രീകളെ അധിക്ഷേപിക്കുകയില്ലെന്നും അത്തരമൊരു വാക്ക് പോലും ഉച്ഛരിക്കുകയില്ലെന്നും ഓരോ ഭാരതീയനും പ്രതിജ്ഞയെടുത്ത് മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സ്ത്രീകളുടെ ശക്തിയാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന് നാം തിരിച്ചറിയണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

അടിമത്തത്തിന്റെ എല്ലാ ചരടുകളും പൊട്ടിച്ചെറിയണമെന്നും മറ്റ് രാജ്യങ്ങളുടെ അംഗീകാരവും സര്‍ട്ടിഫിക്കറ്റും നോക്കി ഭാരതത്തിന് ഇരിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ശേഷിയിലും ഭാഷയിലും അഭിമാനമുണ്ടാകണം. കുടുംബമൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാജ്യം ലോകത്തിന് തന്നെ മാതൃകയാണെന്നും മോദി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്ന് ദിവസത്തില്‍ കോടിക്കണക്കിന് വീടുകളിലാണ് ഹര്‍ ഘര്‍ തിരംഗ ക്യാമ്ബയിനിന്റെ ഭാഗമായി പതാക ഉയര്‍ന്നത്. ഇത് പലരെയും ഞെട്ടിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകം ഇന്ത്യയെ ഉറ്റുനോക്കുന്ന രീതിയില്‍ വലിയ മാറ്റമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അഭിലാഷം, ഇന്ത്യന്‍ സമൂഹത്തിന്റെ ഉണര്‍വ്വ്, ലോകം ഇന്ത്യയെ കാണുന്ന രീതി എന്നീ മൂന്ന് കാര്യങ്ങളാണ് ഈ ഘട്ടത്തില്‍ തനിക്ക് എടുത്ത് പറയാനുള്ളതെന്നും നരേന്ദ്രമോദി പറഞ്ഞു.

ഭാരതം സ്വാതന്ത്ര്യം നേടിയതിന് ശേഷം ജനിച്ച പ്രധാനമന്ത്രിയാണ് താന്‍. കഴിഞ്ഞ എട്ട് വര്‍ഷ കാലയളവില്‍ ജനങ്ങളില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കാനുള്ള അടുത്ത 25 വര്‍ഷത്തെ അമൃതകാലയളവിലേക്ക് കടക്കുമ്ബോള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ മനസില്‍ വികസനമായിരിക്കണം ലക്ഷ്യമെന്നും മോദി പറഞ്ഞു.