നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ യുഡിഎഫില്‍ നേരത്തെ തന്നെ ധാരണ ഉണ്ടാക്കണമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി. മധ്യകേരളത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്നും സ്റ്റിയറിംഗ് കമ്മിറ്റിയില്‍ അംഗങ്ങള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി നേതൃനിരയിലേക്ക് വരണമെന്നും സ്റ്റിയറിംഗ് കമ്മിറ്റിയില്‍ പൊതുവികാരം ഉയര്‍ന്നു.

290 ത്രിതല പഞ്ചായത്ത് അംഗങ്ങളെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് സംസ്ഥാനത്ത് വിജയിപ്പിക്കാനായി. നാലു ജില്ലകളില്‍ ഒഴികെ മറ്റ് ജില്ലകളില്‍ പ്രാതിനിധ്യം ലഭിച്ചു. ഇത് പാര്‍ട്ടിയുടെ കരുത്തിനെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ അര്‍ഹമായ പരിഗണന നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്സുമായി തര്‍ക്കങ്ങള്‍ ഉണ്ടായി. അതിനാല്‍ നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച്‌ നേരത്തെ തന്നെ യുഡിഎഫില്‍ ധാരണയുണ്ടാക്കണം. ഇതിനായി പാര്‍ട്ടി ചെയര്‍മാന്‍ മുന്‍കൈയെടുത്ത് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച ചെയ്യണമെന്നും സ്റ്റിയറിംഗ് കമ്മിറ്റിയില്‍ പൊതുവികാരം ഉണ്ടായി.

മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ്സുകള്‍ ഒന്നായിരുന്നപ്പോള്‍ മത്സരിച്ച സീറ്റുകളില്‍ നിന്നു കാര്യമായ വിട്ടുവീഴ്‍ച വേണ്ടെന്നും കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നു. പാലാ സീറ്റില്‍ അവകാശവാദം ഉന്നയിക്കുന്നതില്‍ അര്‍ഥമില്ല. പാര്‍ട്ടി സിറ്റിംഗ് സീറ്റായ കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ ഉണ്ടായ വോട്ട് ചോര്‍ച്ചയും പഞ്ചായത്തുകളിലെ തോല്‍വിയും ഗൗരവത്തോടെ കാണണമെന്ന വിമര്‍ശനം ഉണ്ടായി. തൊടുപുഴ നഗരസഭയില്‍ യുഡിഎഫിന് ഭരണം ലഭിക്കാതെ പോയ സ്ഥിതിയും ചര്‍ച്ചയില്‍ ഉയര്‍ന്നു.

ത്രിതല പഞ്ചായത്തിലെ തോല്‍വി ഉണ്ടായ പ്രദേശങ്ങളില്‍ പാര്‍ട്ടി കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നായിരുന്നു പി ജെ ജോസഫിന്റെ മറുപടി. ത്രിതല പഞ്ചായത്തില്‍ ജയിച്ച ജോസഫ് വിഭാഗം അംഗങ്ങളെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് മുമ്പ് അനുമോദിച്ചു.