ചണ്ഡീഗഢ് : ദുരഭിമാനക്കൊലയുടെ ഇരയായി 23-കാരന്‍. നീരജ് എന്ന യുവാവാണ് ഹരിയാനയില്‍ കൊല്ലപ്പെട്ടത്. ജാതി മാറി വിവാഹം ചെയ്തതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ഭാര്യയുടെ സഹോദരന്മാരാണ് യുവാവിനെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി പാനിപത്തിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ വെച്ചായിരുന്നു കൊലപാതകം.

യുവാവും പെണ്‍കുട്ടിയും ഒന്നര മാസം മുമ്ബാണ് വിവാഹിതരായത്. കൊലപാതകത്തിന് തൊട്ടു മുന്‍പ് യുവാവിനെ കാണണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ വിളിച്ചിരുന്നു. മാത്രമല്ല പെണ്‍കുട്ടിയെ വിളിച്ച്‌ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. നീ ഉടന്‍ കരയുമെന്നാണ് പെണ്‍കുട്ടിയെ വിളിച്ച്‌ സഹോദരന്മാര്‍ ഭീഷണിപ്പെടുത്തിയത്. യുവാവിന് നേരെ മുന്‍പും വധ ഭീഷണിയുണ്ടായിരുന്നെന്നും പൊലീസില്‍ പരാതിപ്പെട്ടിട്ട് നടപടിയെടുത്തില്ലെന്നും നീരജിന്റെ സഹോദരന്‍ ജഗദീഷ് പറയുന്നു.

പ്രതികള്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല. ഇവരുടെ പ്രണയം പ്രശ്നമായപ്പോള്‍ ഗ്രാമത്തിലെ പ്രമുഖരുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് നടന്നിരുന്നു. വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതിച്ചെങ്കിലും സഹോദരന്മാര്‍ എതിര്‍ത്തുവെന്ന് ഡെപ്യൂട്ടി എസ്പി സതീഷ് കുമാര്‍ പറഞ്ഞു.