തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും ഓരോ ദിവസവും 20ല്‍ അധികം മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ ജനിതക വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് തുടരുകയാണ്.

സംസ്ഥാനത്ത് ഇപ്പോള്‍ ഒരേ സമയം ചികിത്സയിലുള്ള കൊറോണ രോഗികളുടെ എണ്ണം 65374 ആണ്. രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ആശങ്ക ഒഴിയുന്നില്ല എന്നതാണ് കേരളത്തിന്റെ അവസ്ഥ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പത്തില്‍ താഴെ വന്നു. ഇന്നലെ 9.85 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചെറിയ തോതില്‍ രോഗികള്‍ വര്‍ദ്ധിച്ചെങ്കിലും അതിതീവ്ര വ്യാപനത്തിലേക്ക് പോകാത്തതിനാല്‍ സംസ്ഥാനത്തിന് അത് ആശ്വാസമാണ്.
രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്ന നിര്‍ദ്ദേശമുണ്ട്. അതേസമയം, മരണ നിരക്ക് ഉയരുന്നത് ആശങ്കപ്പെടുത്തുകയാണ്. ഇന്നലെ മാത്രം 21 മരണങ്ങള്‍ ഔദ്യോഗികമായി സര്‍ക്കാര്‍ സ്ഥരീകരിച്ചു. സംസ്ഥാനത്ത് ആകെ 3,116 പേരാണ് രോഗം ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചത്. കൊറോണാനന്തര അവസ്ഥ അനുഭവിക്കുന്നവര്‍ മതിയായ വിശ്രമവും ചികിത്സയും സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊറോണ ജനിതക വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ രോഗ വ്യാപനം മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നുണ്ട്.