രാജ്യത്ത് റിപ്പബ്ലിക് ദിന പരേഡിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരേഡില്‍ പരമാവധി 25,000 പേര്‍ക്ക് മാത്രമാകും പ്രവേശനം. ഇത്തവണത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ ബംഗ്ലാദേശ് സേനയും ഭാഗമാകും. കുട്ടികള്‍ക്ക് ഇത്തവണ പ്രവേശനം ഇല്ല. മാര്‍ച്ചിനെത്തുന്ന സേനാവിഭാഗങ്ങളുടെ എണ്ണവും ഓരോ മാര്‍ച്ചിംഗ് സേനയിലെ അംഗങ്ങളുടെ എണ്ണവും ഇത്തവണ കുറച്ചിട്ടുണ്ട്.

144 അംഗങ്ങള്‍ക്ക് പകരം 96 അംഗങ്ങളാകും ഒരോ കണ്ടിജന്റിലും. നിയന്ത്രണങ്ങള്‍ക്കിടയിലും ചരിത്രത്തില്‍ രണ്ടാമതായാണ് ഒരു വിദേശ രാജ്യത്തിന്റെ സൈന്യം ഇന്ത്യയുടെ റിപ്പബ്ലിക് ദിന അഘോഷ പരിപാടിയില്‍ പങ്കെടുക്കുക. ബംഗ്ലാദേശ് രൂപീകരണത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശ് സൈന്യത്തിന് പരേഡില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കുന്നത്. 96 ബംഗ്ലാദേശ് സൈനികരുടെ കണ്ടിജന്റ് ആകും പങ്കെടുക്കുക.