ഭോപ്പാല്‍: പുതുവത്സര ആഘോഷ പരിപാടിയില്‍ ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പരിഹസിച്ചെന്നാരോപിച്ച്‌ ഹാസ്യതാരവും പരിപാടിയുടെ സംഘാടകരും അറസ്റ്റില്‍.

ബിജെപി എംഎല്‍എയുടെ മകന്‍ നല്‍കിയ പരാതിയിലാണ് മുംബൈ സ്വദേശിയായ ഹാസ്യതാരം മുനാവര്‍ ഫറൂഖ്വി, ഇവന്റ് കോര്‍ഡിനേറ്റര്‍ എഡ്വിന്‍ ആന്റണി, ഇന്‍ഡോര്‍ സ്വദേശികളായ പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നളിന്‍ യാദവ് എന്നിവരെ തുകോഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തു.

ഇന്‍ഡോറിലെ കഫേയില്‍ നടന്ന ഹാസ്യപരിപാടിയില്‍ ഹിന്ദു ദേവന്‍മാരെയും, ദേവതകളെയും പരിഹസിച്ചെന്നാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു. ഗോധ്ര സംഭവത്തെക്കുറിച്ചും അമിത് ഷായെക്കുറിച്ചും പരിപാടിയില്‍ പരാമര്‍ശിച്ചിരുന്നു.

ഇതോടെ ഹിന്ദു രക്ഷക് സാന്‍സ്ത എന്ന സംഘടനയുടെ നേതാവായ ഏകലവ്യ ഗൗറിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകനാണ് ഏകലവ്യ ഗൗര്‍.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ, 298, 269, 188, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് തുകോഗഞ്ച് ഇന്‍സ്പെക്ടര്‍ കമലേഷ് ശര്‍മ്മ പറഞ്ഞു.