ചെന്നൈ: മേക്ക് ഇന്‍ ഇന്ത്യ-ആത്മനിര്‍ഭര്‍ ഭാരതിന്റെ കീഴില്‍ ഇന്ത്യയുടെ ചരിത്രനേട്ടവുമായി ഭാരതം. ചരിത്രത്തിലാദ്യമായി അമേരിക്കയുടെ നാവിക കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി ഇന്ത്യയിലെത്തി. ചെന്നൈയിലെ കാട്ടുപ്പള്ളി ലാര്‍സെന്‍ ആന്‍ഡ് ടര്‍ബോ തുറമുഖത്താണ് അമേരിക്കല്‍ കപ്പല്‍ ഇന്നലെ നങ്കൂരമിട്ടത്. ചാള്‍സ് ഡ്രൂ എന്ന കപ്പല്‍ ആഗസ്റ്റ് 17 വരെ ചെന്നൈയില്‍ ഉണ്ടാകും. അതിനുള്ളില്‍ എല്ലാ അറ്റകുറ്റപണികളും പൂര്‍ത്തിയാക്കും.

അമേരിക്കയും ഇന്ത്യയുമായുള്ള പുതിയൊരു ബന്ധത്തിനാണ് ഇതോടെ തുടക്കം കുറിച്ചത്. കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള കരാര്‍ തുറമുഖത്തിന് അമേരിക്ക നേരിട്ട് നല്‍കുകയായിരുന്നു. അമേരിക്കന്‍ നാവിക കപ്പലിന്റെ വരവേടെ ആഗോള കപ്പല്‍ അറ്റകുറ്റപ്പണി വിപണിയില്‍ ഇന്ത്യന്‍ തുറമുഖങ്ങളുടെ പ്രസക്തി ഏറുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ അമേരിക്കന്‍ കപ്പലുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള കരാറിലെത്തിയിരുന്നു.

രാജ്യത്തെ കപ്പല്‍ നിര്‍മ്മാണ വ്യവസായത്തിലെ.ും ഇന്ത്യാ അമേരിക്ക പ്രതിരോധ സഹകരണ മേഖലയിലെയും മഹത്തായ ദിവസമാണ് ഇതെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ വ്യക്തമാക്കി. രാജ്യത്തെ ആറ് കപ്പല്‍ശാലകളില്‍ 200 കോടി ഡോളറിന്റെ വരുമാനമുണ്ട്. എല്ലാത്തരം കപ്പലുകളും നിര്‍മ്മിക്കാന്‍ സാധിക്കുന്ന ഡിസെന്‍ ഹൗസുകളുമുണ്ട്. കൊച്ചി കപ്പല്‍ നിര്‍മാണ ശാലയില്‍ നിന്ന് ആദ്യ തദ്ദേശീയമായി വികസിപ്പിച്ച വിമാന വാഹിനി കപ്പല്‍ വിക്രാന്ത് ഈ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് ഉത്തമോദാഹരണമാണെന്നും അദേഹം വ്യക്തമാക്കി.