കുളത്തുപ്പുഴ അമ്പലക്കടവിൽ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ കുളത്തൂപ്പുഴ സ്വദേശി സതീദേവിയാണ് (65) കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചത് ശ്രദ്ധയിൽപ്പെട്ട് ഓടിയെത്തിയ നാട്ടുകാരും കെഎസ്ഇബി ജീവനക്കാരും ചേർന്ന് നടത്തിയ സമയോജിതമായ ഇടപെടലാണ് സതീദേവിയുടെ ജീവൻ രക്ഷിച്ചത്. കെഎസ്ഇബി ജീവനക്കാരുടെ കയ്യിലുണ്ടായിരുന്ന കയർ കെട്ടി പ്രദേശവാസികളായ മൂന്ന് പേർ പുഴയിൽ ഇറങ്ങിയാണ് സതീദേവിയെ  രക്ഷപ്പെടുത്തിയത്. വൃദ്ധയ്ക്ക് കാര്യമായ പരിക്കുകളില്ല.

ഇടുക്കി ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള വിനോദയാത്ര പൂർണ്ണമായും നിരോധിച്ചു

ഇടുക്കി: മഴയും മണ്ണിടിച്ചിൽ സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള വിനോദയാത്ര പൂർണ്ണമായും നിരോധിച്ചു. മൂന്നാറിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം. നേരത്തെ അതിതീവ്രമഴയുടെ സാഹചര്യത്തിൽ ജില്ലയിൽ ടൂറിസ്റ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നുവെങ്കിലും ഒറ്റപ്പെട്ട രീതിയിലെങ്കിലും ആളുകൾ മൂന്നാറിലേക്ക് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ്.

ഇടമലയാർ ഡാം മറ്റന്നാള്‍ തുറക്കും

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടമലയാർ ഡാം മറ്റന്നാള്‍ തുറക്കുമെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു.  ചൊവ്വാഴ്ച രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ഡാമിൽ ഇന്ന് രാത്രി 11 മണിയോടെ റെഡ് അലർട്ട് പുറപെടുവിക്കും. ആദ്യം 50 ക്യുമെക്സ് ജലവും  തുടർന്ന് 100 ക്യുമെക്സ് ജലവുമാണ്  തുറന്നു വിടുക. ഡാം തുറന്നാൽ വെള്ളം ആദ്യമൊഴുകി എത്തുന്നത് ഭൂതത്താൻകെട്ട് ബാരേജിലേക്കാണ്. ബാരേജിന്റെ എല്ലാ ഷട്ടറുകളും നിലവിൽ തുറന്നിരിക്കുകയാണ്. പെരിയാറിലെത്തുന്ന ജലം ഏഴു മണിക്കൂറിനകം നെടുമ്പാശേരി ഭാഗത്തെത്തുമെന്നാണ് കരുതുന്നത്. ഇടുക്കി ഡാമിനൊപ്പം ഇടമലയാര്‍ ഡാമുകൂടി തുറക്കുന്നതോടെ  രണ്ട് ഡാമുകളിൽ നിന്നുള്ള ജലവും പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആവശ്യമായ മുൻകരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും  ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപെട്ടു.