ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ വേട്ട തുടര്‍ന്ന് ഇന്ത്യ. ടേബിള്‍ ടെന്നീസില്‍ ഭാവിന പട്ടേല്‍ സ്വര്‍ണം നേടിയതോടെ ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം പതിമൂന്നായി ഉയര്‍ന്നു. നൈജീരിയയുടെ ഇഫെച്ചുക്വുഡെ ക്രിസ്റ്റ്യാന ഇക്പിയോയിയെ ആണ് ഭവിന പരാജയപ്പെടുത്തിയത്.

ടോക്കിയോ പാരാലിംമ്ബിക്‌സില്‍ ഗുജറാത്തില്‍ നിന്നുളള ഭാവിന പട്ടേല്‍ വെളളി നേടിയിരുന്നു. 2011ല്‍ പിടിടി തായ്ലന്‍ഡ് ഓപ്പണില്‍ വ്യക്തിഗത വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയതോടെ ഭവിന ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തി. 2013ല്‍ ബെയ്ജിംഗില്‍ നടന്ന ഏഷ്യന്‍ പാരാ ടേബിള്‍ ടെന്നീസ് ചാമ്ബ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സ് ക്ലാസ് 4-ല്‍ വെള്ളി മെഡല്‍ നേടി. 2017-ല്‍ ബെയ്ജിംഗില്‍ നടന്ന ഏഷ്യന്‍ പാരാ ടേബിള്‍ ടെന്നീസ് ചാമ്ബ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിരുന്നു.

നിലവില്‍ മികച്ച പ്രകടനമാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവയ്‌ക്കുന്നത്. ഗെയിംസില്‍ ഇതുവരെ ഇന്ത്യയ്‌ക്ക് 13 സ്വര്‍ണവും, 11 വെള്ളിയും, 16 വെങ്കലവും നേടാനായി.