ഇസ്ലാമാബാദ്: പാകിസ്താനില്‍ വീണ്ടും ഭീകരാക്രമണം. ബോംബ് പൊട്ടിത്തെറിച്ച്‌ പോലീസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ക്വറ്റയിലെ ഹസാര്‍ ഗഞ്ചിയില്‍ രാവിലെയോടെയായിരുന്നു സംഭവം.

ഹസാര്‍ ഗഞ്ച് മാര്‍ക്കറ്റിനുള്ളിലാണ് സ്‌ഫോടനം ഉണ്ടായത്. ഇരു ചക്രവാഹനത്തില്‍ സ്ഥാപിച്ചിരുന്ന ബോംബ് ആണ് പൊട്ടിത്തെറിച്ചത്. ബോംബ് സ്ഥാപിച്ച ശേഷം അക്രമി മാര്‍ക്കറ്റിനുള്ളില്‍ ഇരു ചക്രവാഹനം ഉപേക്ഷിക്കുകയായിരുന്നു. മാര്‍ക്കറ്റില്‍ വലിയ തിരക്കുള്ള നേരത്താണ് സ്‌ഫോടനം ഉണ്ടായത്.

പരിക്കേറ്റവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ കെട്ടിടങ്ങള്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

അതേസമയം പാകിസ്താനില്‍ ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം ബലൂചിസ്താനിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.