കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം കുറിച്ച മലയാളിതാരം എം.ശ്രീശങ്കര്‍ വെള്ളി നേിടയെങ്കിലും ആരാധകരുടെ നിരാശ തലനാരിഴക്ക് സ്വര്‍ണം നഷ്ടമായതിലായിരുന്നു. കാരണം സ്വർണനേട്ടമെന്ന ചരിത്രത്തിനും ശ്രീശങ്കറിനും ഇടയിൽ വിലങ്ങുതടിയായത് സെന്‍റീമിറ്ററിന്‍റെ നൂറിലൊരു അംശം മാത്രമായിരുന്നു. ഇതാണ് വെള്ളിത്തിളക്കത്തിലും ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചത്.

8.08 മീറ്റർ ചാടി ശ്രീശങ്കറും ബഹാമസുകാരൻ ലാക്വാൻ നെയ്റനും ഒപ്പത്തിനൊപ്പമെത്തിയെങ്കിലും മികച്ച രണ്ടാമത്തെ ദൂരം കൂടി കണക്കാക്കി ബഹാമസ് താരത്തിന് സ്വർണം സമ്മാനിച്ചു. ശ്രീശങ്കറിന് അര്‍ഹമായ സ്വര്‍ണം അധികൃതരുടെ പിഴവിലൂടെ നിഷേധിക്കപ്പെട്ടുവെന്ന പൊതുവികാരമാണ് മത്സരം പൂര്‍ത്തിയായ ഉടനെ ഉണ്ടായത്.

ശ്രീശങ്കറിന്‍റെ നാലാം ശ്രമം ഫൗള്‍ വിളിച്ചതിനെച്ചൊല്ലി ചൊല്ലി   കായികപ്രേമികൾക്ക് ഇടയിൽ വലിയ സംശയം ഉയരുകയും ചെയ്തു. ഔദ്യോഗിക സംപ്രേഷണാവകാശം ഉള്ള ചാനലിന്‍റെ ദൃശ്യങ്ങളില്‍ ശ്രീശങ്കറിന്‍റെ ബൂട്ട് നിശ്ചിത ഫൗള്‍ ലൈനിന് പുറത്താണെന്ന പ്രതീതി ആണ് ഉളവായത്. എന്നാൽ ഒരു സെന്‍റിമീറ്റര്‍ വ്യത്യാസത്തില്‍ ശ്രീശങ്കറിന് പിഴവ് സംഭവിച്ചുവെന്നാണ് ഒഫീഷ്യൽസ് വിധിച്ചത്.

ക്രിക്കറ്റ് മത്സരത്തിനിടെ ക്യാച്ച് നിയമവിധേയമായിട്ടാണോ എന്ന് പരിശോധിക്കുമ്പോള്‍ പല ആംഗിളുകളില്‍ നിന്ന് പല തരത്തില്‍ അനുഭവപ്പെടാറുണ്ട്. അതിന് സമാനമായ നിലയിലാണ് ശ്രീശങ്കറിന്‍റെ കാര്യത്തിലും പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടത്. ഒരു മില്ലിമീറ്റര്‍ വ്യത്യാസം മാത്രം എന്ന് ശ്രീശങ്കര്‍ പരിശീലകരോട് പറഞ്ഞെങ്കിലും , ഒരു സെന്‍റിമീറ്റര്‍ വ്യത്യാസം എന്നാണ് ഔദ്യോഗിക വിശദീകരണം വന്നത്.