കൊല്ലത്ത് യുവാവിന് വീണ്ടും പരസ്യമര്‍ദ്ദനം (Man was beaten in kollam). സാമൂഹിക മാധ്യമങ്ങളിൽ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചത്. സംഭവത്തിൽ പൂയപ്പള്ളി സ്വദേശി രാഹുലിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വള്ളിക്കുന്നം സ്വദേശിയായ അച്ചുവിന് ക്രൂര മര്‍ദനമേറ്റത്. രാഹുൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ അസഭ്യം പറഞ്ഞത് അച്ചു ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി യുവാവിനെ കരുനാഗപ്പള്ളിയിൽ വിളിച്ചു വരുത്തി. കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് അച്ചുവിനെക്കൊണ്ട് കാല് പിടിപ്പിച്ചു. പിന്നീടായിരുന്നു ക്രൂരമര്‍ദ്ദനം. മര്‍ദന ദൃശ്യങ്ങൾ പ്രതി രാഹുൽ ഒപ്പമുണ്ടായിരുന്നവരെ കൊണ്ട് ഷൂട്ട് ചെയ്യിപ്പിച്ചു.

പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രതി തന്നെ ദൃശ്യങ്ങള്‍ പങ്ക് വയ്ക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ കേരള പൊലീസിന്‍റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് വിഭാഗത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടു. വീഡിയോ അപ്ലോഡ് ചെയ്‍തത് എവിടെ നിന്നെന്ന് കണ്ടെത്തിയാണ് മര്‍ദനമേറ്റ അച്ചുവിലേക്കും പ്രതി രാഹുലിലേക്കും പൊലീസ് എത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ രാഹുൽ.

ബലാത്സംഗം , കൊലപാതക ശ്രമം , പിടിച്ചുപറി എന്നിവയടക്കം പതിനഞ്ചോളം കേസുകളാണ് രാഹുലിന്‍റെ പേരിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍റ് ചെയ്തു. അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലത്ത് നിന്ന് മറ്റൊരു മര്‍ദന വാര്‍ത്തയും പുറത്തുവന്നിരുന്നു. ലെയിസ് നല്‍കാത്തതിന് ഇരവിപുരത്ത് യുവാക്കളെ മദ്യപസംഘം ആക്രമിക്കുകയായിരുന്നു. നാല് പേർ ചേർന്നാണ് രണ്ട് യുവാക്കളെ ക്രൂരമായി മർദിച്ചത്. തങ്ങളുടെ കൈവശമുണ്ടായിരുന്ന ലെയിസ് നൽകാത്തതിന്‍റെ പേരിലായിരുന്നു മദ്യപസംഘം തങ്ങലെ ക്രൂര മർദിച്ചതെന്നായിരുന്നു യുവാക്കൾ പറഞ്ഞത്.