ജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍(Most sixes in international cricket) നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തി ഇന്ത്യയുടെ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ(Rohit Sharma). 476 സിക്‌സുകള്‍ നേടിയ പാകിസ്ഥാന്‍ മുന്‍താരം ഷാഹിദ് അഫ്രീദിനെയാണ് ഹിറ്റ്‌മാന്‍(Hitman) മറികടന്നത്. രോഹിത് ശര്‍മ്മയുടെ സിക്‌സര്‍ നേട്ടം 477ലെത്തി. 553 സിക്‌സുകളുമായി വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ തലപ്പത്ത്.

വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ടി20യിലാണ് രോഹിത് ശര്‍മ്മ നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തില്‍ സൂര്യകുമാര്‍ യാദവിനൊപ്പം രോഹിത് ശര്‍മ്മ ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കി. അഞ്ചാം ഓവറില്‍ ഇരുവരും ഇന്ത്യയെ 50 കടത്തി. പിന്നാലെ ഇതേ ഓവറിലെ നാലാം പന്തില്‍ അക്കീല്‍ ഹെസൈന് മുന്നില്‍ രോഹിത് ശര്‍മ്മ ബൗള്‍ഡായി. തൊട്ടുമുമ്പത്തെ പന്തില്‍ സിക്‌സര്‍ പറത്തിയ ആത്മവിശ്വാസത്തില്‍ ബാറ്റ് വീശിയ രോഹിത്തിന് പിഴയ്‌ക്കുകയായിരുന്നു. 16 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം ഹിറ്റ്‌മാന്‍ 33 റണ്‍സ് നേടി.

മഴമൂലം വൈകിയാരംഭിച്ച നാലാം ടി20യില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ശ്രേയസ് അയ്യര്‍ക്ക് പകരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. അയ്യരുടെ മോശം ഫോം കഴിഞ്ഞ മത്സരങ്ങളില്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലും സ്‌പിന്നര്‍ രവി ബിഷ്‌ണോയും കൂടി സഞ്ജുവിനൊപ്പം പ്ലേയിംഗ് ഇലവനിലെത്തി. ഹാര്‍ദിക് പാണ്ഡ്യയും രവി അശ്വിനും പുറത്തായി. അഞ്ച് ടി20കളുടെ പരമ്പരയില്‍ 2-1ന്‍റെ ജയവുമായി രോഹിത് ശര്‍മ്മയും സംഘവും മുന്നില്‍നില്‍ക്കുകയാണ്. തിങ്കളാഴ്‌ച ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുമെന്നതിനാല്‍ മികച്ച പ്രകടനം സഞ്ജുവിന് പുറത്തെടുക്കേണ്ടതുണ്ട്.