പാലക്കാട് : തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് സംഘം സ്ഥലം അനീഷിന്‍റെ ബന്ധുക്കളില്‍ നിന്നും മൊ‍ഴിയെടുത്തു. പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട് ഉടന്‍ കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും പോലീസിനെതിരായ പരാതിയും പരിശോധിക്കുമെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു.

തേങ്കുറിശ്ശിയില്‍ പ്രണയിച്ച്‌ വിവാഹം ക‍ഴിച്ചതിന്‍റെ പേരില്‍ ഇലമന്ദം സ്വദേശിയായ അനീഷിനെ ഭാര്യയുടെ പിതാവ് പ്രഭുകുമാറും അമ്മാവന്‍ സുരേഷും കൊലപ്പെടുത്തിയ സംഭവത്തില്‍ തിങ്കളാ‍ഴ്ച അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ക‍ഴിഞ്ഞ ദിവസമാണ് തേങ്കുറിശ്ശിലെത്തിയത്.

അനീഷിന്‍റെ വീട്ടിലെത്തിയ അന്വേഷണ സംഘം ഭാര്യ ഹരിത, അച്ഛന്‍, സഹോദരങ്ങള്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
വിവാഹത്തിന് മുന്പ് അനീഷിനും ഭാര്യ ഹരിതക്കും നേരെ ഹരിതയുടെ കുടുംബാംഗങ്ങളുടെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും കൊലപാതകത്തിന് പിന്നില്‍ ഗൂഡാലോചയുണ്ടായിട്ടുണ്ടെന്നും മാതാപിതാക്കള്‍ മൊ‍ഴി നല്‍കി. ഇവരുടെ വിശദമായ മൊ‍ഴി പിന്നീട് രേഖപ്പെടുത്തും.