ന്യൂദല്‍ഹി: രാജ്യത്തെ ചരക്കു സേവന നികുതി വരുമാനം ഏറ്റവും വലിയ റെക്കോര്‍ഡില്‍. കഴിഞ്ഞ മാസം 1,15,174 കോടി രൂപയാണ് ജിഎസ്ടിയായി ലഭിച്ചത്. കേന്ദ്ര ജിഎസ്ടി 21,365 കോടിയും സംസ്ഥാന ജിഎസ്ടി 27,804 കോടിയും ആണ്. 57,426 കോടി രൂപയാണ് ഇന്റഗ്രേറ്റഡ് ജിഎസ്ടി. 8579 കോടി സെസ് ഇനത്തിലും കഴിഞ്ഞ മാസം ലഭിച്ചിട്ടുണ്ട്.

പുതിയ നികുതി സമ്ബ്രദായം നിലവില്‍വന്നശേഷം ഇതാദ്യമായാണ് ഇത്രയും വരുമാനം ഉയരുന്നത്. 2017 ജൂലൈ ഒന്നിന് ജിഎസ്ടി നിലവില്‍ വരുന്നത്. ജിഎസ്ടി റെക്കോര്‍ഡ് ഭേദിച്ച വിവരം ധനമന്ത്രാലയമാണ് പുറത്തുവിട്ടത്. 21 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് കഴിഞ്ഞമാസത്തിലേതെന്ന് ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞവര്‍ഷം ഡിസംബറിലെ വരുമാനത്തേക്കാള്‍ 12ശതമാനം അധികമാണ്. നടപ്പ് സാമ്ബത്തിക വര്‍ഷം തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് ജിഎസ്ടി വരുമാനം ഒരുലക്ഷംകോടിക്ക് മുകളില്‍ എത്തിയത്.

നവംബറിലേതിനേക്കാള്‍ 104.963 കോടി രൂപയുടെ അധികവരുമാനമാണ് കഴിഞ്ഞമാസം ലഭിച്ചത്. 2019 ഏപ്രിലിലാണ് ഇതിനുമുമ്പ് കൂടുതല്‍ വരുമാനം ലഭിച്ചത്. 1,13,866 കോടി രൂപയായിരുന്നു ഇത്. മോദി സര്‍ക്കാര്‍ തുടക്കമിട്ട സാമ്പത്തിക രംഗത്തുള്ള ഭരണ പരിഷ്‌കാരങ്ങളാണ് ഫലം കാണുന്നുവെന്നുള്ള സൂചനയാണ് ഈ ഉയര്‍ച്ച കാണിക്കുന്നത്. നികുതി വെട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതും ജിഎസ്ടി വരുമാനം ഉയരാന്‍ കാരണമായിട്ടുണ്ട്.