ഹൈദരാബാദ്∙ മലയാളിയായ 56 വയസുകാരന്‍ വിവാഹം കഴിച്ച 16 വയസുകാരിയെ ഹൈദരാബാദ് പൊലീസ് രക്ഷപെടുത്തി. അബ്ദുല്‍ ലത്തീഫ് പറമ്പന്‍ എന്നയാളാണ് രണ്ടരലക്ഷം രൂപ നല്‍കി ഇടനിലക്കാര്‍ വഴി പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ, രണ്ട് ഇടനിലക്കാര്‍, പുരോഹിതന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹൂറുന്നീസ, അബ്ദുല്‍ റഹ്മാന്‍, വസീം ഖാന്‍, ഖാസി മുഹമ്മദ് ബദിയുദീന്‍ ക്വാദ്രി എന്നിവരാണ് അറസ്റ്റിലായവര്‍. പെണ്‍കുട്ടിയെ വിവാഹം ചെയ്ത അബ്ദുല്‍ ലത്തീഫ് പറമ്പന്‍ ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വിവാഹം സംബന്ധിച്ച്‌ പെണ്‍കുട്ടിയുടെ മറ്റൊരു ബന്ധു ആണ് പൊലീസില്‍ പരാതി നല്‍കിയത്.
വിവാഹം നടത്താനായി ഹൂറുന്നീസ 2.5 ലക്ഷം രൂപ വാങ്ങിയിരുന്നു. 1.5 ലക്ഷം എടുത്ത ശേഷം ബാക്കി തുക ഇടനിലക്കാര്‍ക്കും പുരോഹിതനും വീതിച്ചുനല്‍കി. പോക്സോ നിയമ പ്രകാരമാണ് മലയാളിയായ വരനെതിരെ പൊലീസ് കേസെടുത്തത്. ബാലവിവാഹ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയ്ക്ക് ഹൂറുന്നീസയ്ക്കെതിരെയും കേസെടുത്തു. പ്രായപൂര്‍ത്തിയായ സഹോദരിയുടെ ജനനസര്‍ട്ടിഫിക്കറ്റാണ് ഹൂറുന്നീസ വിവാഹത്തിനായി ഉപയോഗിച്ചത്.