വൈറ്റ് ഹൗസ് ജീവനക്കാരായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തെരഞ്ഞെടുത്തവരില്‍ 61 ശതമാനവും സ്ത്രീകള്‍. ഇതുവരെ പ്രഖ്യാപിച്ച 100ല്‍ അധികം പേരില്‍ 54 ശതമാനവും വെള്ളക്കാരല്ല എന്നതും ശ്രദ്ധേയം. വൈവിധ്യത്തിന് പ്രാധാന്യം നല്‍കി, അമേരിക്കയെ ശരിയായ രീതിയില്‍ പ്രതിനിധാനം ചെയ്യുന്ന ഭരണമാണ് വരാനിരിക്കുന്നതെന്ന് ബൈഡന്‍–- ഹാരിസ് ടീം പറയുന്നു.

വൈറ്റ് ഹൗസിലേക്ക് നിയമിച്ചവരില്‍ 11 ശതമാനവും ഭിന്നലൈംഗിക വിഭാഗങ്ങളില്‍നിന്നാണ്. 20 ശതമാനം പേര്‍ കുടിയേറ്റ കുടുംബങ്ങളില്‍നിന്നുള്ള ഒന്നാം തലമുറക്കാര്‍. ഇന്ത്യന്‍ വംശജരായ നിരവധി ഡോക്ടര്‍മാരും ടീമിലുണ്ട്.

അതേസമയം, യുഎസ് കോണ്‍ഗ്രസിന്റെ പ്രതിനിധിസഭയുടെ സ്പീക്കറായി നാന്‍സി പെലോസി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച പുതിയ കോണ്‍ഗ്രസ് ആദ്യസമ്മേളനം ചേരുമ്ബോള്‍ തീരുമാനമുണ്ടാകും. 2003 മുതല്‍ നാന്‍സിയാണ് സഭയിലെ ഡെമോക്രാറ്റിക് കക്ഷിനേതാവ്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ അംഗങ്ങള്‍ നേരിട്ടെത്തി വോട്ടുചെയ്യണം. കോവിഡ് സാഹചര്യത്തില്‍ ഇത് എത്രത്തോളം സാധ്യമാകുമെന്നതില്‍ അവ്യക്തതയുണ്ട്. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.